സിംഗിള്‍ മാര്‍ക്കറ്റും വേണ്ട വിസ ഇല്ലാത്ത യാത്രയും വേണ്ട; തെരേസ മേയോട് വിയോജിച്ച് ബോറിസ് ജോണ്‍സന്‍; മേ മന്ത്രിസഭയില്‍ ഭിന്നതയ്ക്ക് തുടക്കം
തെരേസ മെയ്ക്കെതിരെ ശക്തമായ ഒരു വിമതഗ്രൂപ്പിന് നേതൃത്വം നല്‍കി ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തി. ചേയ്ഞ്ച് ബ്രിട്ടന്‍ എന്നാണീ ഗ്രൂപ്പിന്റെ പേര്. ബ്രെക്സിറ്റ് വിലപേശല്‍ വേളയില്‍ യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തിന്റെ സമ്മര്‍ങ്ങള്‍ക്ക് വശംവദയാകാതെ ബ്രെക്സിറ്റ് കര്‍ക്കശമായ രീതിയില്‍ നടപ്പിലാക്കണമെന്നാണ് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരേണ്ടെന്നും വിസ ഇല്ലാത്ത യാത്ര വേണ്ടെന്നും ഇവര്‍ തെരേസയോട് ആവശ്യപ്പെടുന്നു.
ഇത്തരത്തില്‍ തെരേസയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ബോറിസും സംഘവും രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ മേ മന്ത്രിസഭയില്‍ ഭിന്നതയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതായത് ബ്രെക്സിറ്റില്‍ വെള്ളം ചേര്‍ക്കാതെ നടപ്പിലാക്കണമെന്നാണ് ചേയ്ഞ്ച് ബ്രിട്ടന്‍ ഗ്രൂപ്പുകാര്‍ ആവശ്യപ്പെടുന്നത്. റഫറണ്ട വേളയില്‍ ടോറി പാര്‍ട്ടി പുറപ്പെടുവിച്ച വാഗ്ദാനമനുസരിച്ച് ബ്രെക്സിറ്റ് നടപ്പിലാക്കണമെന്നാണ് ബോറിസും കൂട്ടരും ആവശ്യപ്പെടുന്നത്. ബോറിസിന് പുറമെ മൈക്കല്‍ ഗോവ്, ഗ്രഹാം ബ്രാഡി, മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഉപദേശകനായ സ്റ്റീവ് ഹില്‍ട്ടന്‍ തുടങ്ങിയവരും ചേയ്ഞ്ച് ബ്രിട്ടനില്‍ തെരേസയ്ക്കെതിരെ സജീവമായി രംഗത്തുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ കര്‍ക്കശമായ മര്‍ക്കടമുഷ്ടിയില്‍ നിന്നും നിന്നും എത്രയും കഴിയുന്നതും വേഗത്തില്‍ യുകെയെ വിട്ട് വീഴ്ചകളില്ലാതെ പുറത്തുകൊണ്ടു വരണമെന്നാണ് ബോറിസും കൂട്ടരും തെരേസയോട് ശക്തമായി ആവശ്യമുന്നയിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി ചെയ്ഞ്ച് ബ്രിട്ടന്‍കാര്‍ ഒരു വീഡിയോയും റിലീസ് ചെയ്തിട്ടുണ്ട്. റഫറണ്ടത്തില്‍ യുകെയിലെ ജനതയുടെ പകുതിയിലധികം ബ്രെക്സിറ്റിനെ പിന്തുണച്ചിരിക്കുന്നത് ബ്രസല്‍സ് ക്ലബില്‍ നിന്ന് വിട്ട് പോകാന്‍ വേണ്ടിയാണെന്നും ബോറിസും കൂട്ടരും ആവശ്യപ്പെടുന്നു. അതിനാല്‍ ജനവികാരം മാനിച്ച് ബ്രെക്സിറ്റ് വെള്ളം ചേര്‍ക്കാതെ നടപ്പിലാക്കണമെന്നാണ് ചെയ്ഞ്ച് ബ്രിട്ടന്‍കാര്‍ അഭിപ്രായപ്പെടുന്നത്. പക്ഷേ ജൂണ്‍23ന് നടന്ന ജനഹിത പരിശോധനയില്‍ ബ്രിട്ടീഷ് ജനതയിലെ കുറച്ച് പേര്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിന് വേണ്ടിയും വോട്ട് ചെയ്തത് പരിഗണിക്കണമെന്നും ബോറിസും കൂട്ടരും അംഗീകരിക്കുന്നു. അക്കാരണത്താല്‍ ഇരു വിഭാഗത്തിന്റെയും വികാരങ്ങള്‍ പരിഗണിച്ച് കൊണ്ടുള്ള ബ്രെക്സിറ്റ് ഡീലാണ് നടപ്പിലാക്കേണ്ടതെന്നും അവര്‍ ആവശ്യപ്പെടുന്നു.
ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് യുകെയുടെ വികസനം ഉറപ്പാക്കുന്ന രീതിയിലുള്ള്ള കരാറാണ് യൂണിയനുമായു ഉണ്ടാക്കേണ്ടതെന്നും ഈ വേളയില്‍ യൂറോപ്യന്‍ യൂണിയനിലെ രാഷ്ട്രങ്ങള്‍ക്ക് പുറമെ ബ്രസല്‍സ് ക്ലബിന് വെളിയിലുള്ള നിരവധി രാജ്യങ്ങളുമായി മികച്ച വ്യാപാര ബന്ധങ്ങള്‍ പരമാവധിയുണ്ടാക്കി രാജ്യത്തെ സമ്ബദ് വ്യവസ്ഥയെ പരമാവധി മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ചെയ്ഞ്ച് ബ്രിട്ടന്‍കാര്‍ ആവശ്യപ്പെടുന്നു. ഈ സന്ദര്‍ഭം പരമാവധി ഉപയോഗിച്ച് യുകെയെ മാറ്റി മറിക്കുകയും വീണ്ടും ആഗോള ശക്തിയാക്കി മാറ്റുകയും ബോറിസ് ആവശ്യപ്പെടുന്നുണ്ട്. ജനഹിത പരിശോധനയിലൂടെ ജനങ്ങള്‍ വെല്‍പ്പെടുത്തിയ അവരുടെ ആഗ്രഹം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ബാധ്യത ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കുണ്ടെന്നും ഫോറിന്‍ സെക്രട്ടറി അഭിപ്രായപ്പെടുന്നു.
ഇത്തരത്തില്‍ പുതിയ കോണ്‍സര്‍വേറ്റീവ് സര്‍ക്കാരിലെ പടലപ്പിണക്കങ്ങള്‍ തെരേസയുടെ മേല്‍ കടുത്ത സമ്മര്‍ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രെക്സിറ്റിന് ശേഷം ഓസ്ട്രേലിയന്‍ രീതിയിലുള്ള പോയിന്റ് അധിഷ്ഠിത വിസ സമ്ബ്രദായം നടപ്പിലാക്കി യുകെയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് കടിഞ്ഞാണിടുമെന്നായിരുന്നു ബോറിസും കൂട്ടരും റഫറണ്ടത്തിന്റെ പ്രചാരണ വേളയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തെരേസ ഇപ്പോള്‍ ഇതിനെ തള്ളിപ്പറയുകയും കുടിയേറ്റം നിയന്ത്രിക്കാന്‍ തന്റേതായ പുതിയ പദ്ധതിയുമായി മുന്നോട്ട് വരുകയും ചെയ്തിരുന്നു. തെരേസയുടെ ഈ നീക്കം ഫോറിന്‍ സെക്രട്ടറിയിലും മറ്റ് പ്രമുഖ ബ്രെക്സിറ്റര്‍മാരിലും കടുത്ത നീരസമാണുണ്ടാക്കിയിരിക്കുന്നത്. ഇക്കാരണത്താല്‍ ബ്രെക്സിറ്റില്‍ തീരെ വിട്ട് വീഴ്ച ചെയ്യേണ്ടെന്ന നിലപാടാണ് ഇവര്‍ ഇപ്പോള്‍ സ്വീകരിച്ച് വരുന്നത്.
No comments:
Post a Comment