Sunday, 11 September 2016

മൂന്ന് ഐ.പി.ഒ.കള്‍ വരുന്നു



ഓഹരി മൂലധന വിപണി ലക്ഷ്യമിട്ട് സപ്തംബറില്‍ മൂന്ന് പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.)കള്‍ക്ക് അരങ്ങൊരുങ്ങുന്നു.

ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്ബനി, എല്‍ ആന്‍ഡ് ടി ടെക്നോളജി സര്‍വീസസ്, ജി.എന്‍.എ. ആക്സില്‍സ് എന്നിവയാണ് ഈ മാസം ഐ.പി.ഒ. വിപണിയിലെത്തുക. ഇവ മൂന്നും കൂടി മൊത്തം ഏതാണ്ട് 7,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

എല്‍ ആന്‍ഡ് ടി ഗ്രൂപ്പിന് കീഴിലുള്ള എല്‍ ആന്‍ഡ് ടി ടെക്നോളജി സര്‍വീസസിന്റെ ഓഹരി വില്പന തിങ്കളാഴ്ച ആരംഭിച്ച്‌ വ്യാഴാഴ്ച അവസാനിക്കും. 850-860 രൂപയാണ് ഓഹരികളുടെ സൂചിത വില. മൊത്തം ഏതാണ്ട് 895 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

130 കോടി രൂപയുടെ സമാഹരണ ലക്ഷ്യം വച്ചാണ് വാഹന ഘടക നിര്‍മാതാക്കളായ ജി.എന്‍.എ. ആക്സില്‍സ് ഐ.പി.ഒ. വിപണിയിലെത്തുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികളുടെ സൂചിത വില 205-207 രൂപയായിരിക്കും. ഇഷ്യു സപ്തംബര്‍ 14ന് തുടങ്ങി 16ന് അവസാനിക്കും.

സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്ബനിയായ ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ ലൈഫ് 6,000 കോടി രൂപയുടെ ഓഹരി വില്പനയാണ് ലക്ഷ്യമിടുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികളുടെ സൂചിത വില 300-334 രൂപയാണ്. ഓഹരി വില്പന 19ന് ആരംഭിച്ച്‌ 21ന് അവസാനിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു ഇന്‍ഷുറന്‍സ് കമ്ബനി ഐ.പി.ഒ.യുമായി എത്തുന്നത്.

No comments:

Post a Comment