Friday, 9 September 2016

സുതാര്യ കേരളം പദ്ധതി ഏതാണ്ട് നിലച്ച മട്ടില്‍; പുതിയ പരിപാടിക്ക് ഇനിയും രൂപരേഖയായില്ല; ടിവിയും ഓഫീസും മാറ്റി ഓണ്‍ലൈന്‍ ആലോചിച്ച്‌ മുഖ്യമന്ത്രി



തിരുവനന്തപുരം : മുഖ്യമന്ത്രിക്കു നേരിട്ടു പരാതി സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി കലക്ടറേറ്റുകളില്‍ പ്രവര്‍ത്തിച്ചിരുന്ന 'സുതാര്യകേരളം' സെല്‍ സംവിധാനം നിര്‍ത്തലാക്കുന്നു. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി നേരിട്ടു മറുപടി നല്‍കുന്ന ടെലിവിഷന്‍ പരിപാടിയും ഇപ്പോള്‍ നടക്കുന്നില്ല.. സുതാര്യ കേരളം പദ്ധതി, പുതിയ രീതിയില്‍ തുടങ്ങുമെന്നാണ് സൂചന. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2012ലാണ് കലക്ടറേറ്റുകളില്‍ സുതാര്യകേരളം സെല്ലുകള്‍ ആരംഭിച്ചത്.

പരാതികള്‍ ഓണ്‍ലൈനിലൂടെ സ്വീകരിക്കുന്നതു വ്യാപകമാക്കുമെന്നും പറയുന്നു. കലക്ടറേറ്റുകളിലെ സെല്ലില്‍ ലഭിക്കുന്ന പരാതികള്‍ മുഖ്യമന്ത്രിക്കു നേരിട്ടു കൈമാറി പരാതി പരിഹാരം നിര്‍ദേശിക്കുന്ന സംവിധാനമായിരുന്നു സുതാര്യ കേരളം പദ്ധതി. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു കൈമാറിക്കിട്ടുന്ന പരാതികള്‍ അതത് വില്ലേജ് ഓഫിസുകള്‍ക്കു നല്‍കുകയും റിപ്പോര്‍ട്ട് ലഭ്യമാക്കി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് അയയ്ക്കുന്നതും ഇവരുടെ ചുമതലയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, എറണാകുളം കലക്ടറേറ്റുകളിലെ ഓഫിസുകളാണ് ഇതിനകം പൂട്ടിയത്. കോഴിക്കോട്, മലപ്പുറം ഓഫിസുകള്‍ ഈ മാസം 15നു പൂട്ടാന്‍ നിര്‍ദേശമുണ്ട്. കൊല്ലം ഓഫിസ് ഈ മാസം 23നും കോട്ടയം, പത്തനംതിട്ട എന്നിവ 30നും പൂട്ടും. ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും പദ്ധതി അനിശ്ചിതത്വത്തിലാണ്.

എല്ലാം ഓണ്‍ലൈനിലൂടെ സുതാര്യമാക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ടിവി പരിപാടിയും വേണ്ടെന്ന് വച്ചത്. അതിനിടെ ഓണ്‍ലൈന്‍ വഴി പരാതികളും അനുബന്ധരേഖകളും സമര്‍പ്പിക്കാന്‍ സാധാരണക്കാര്‍ക്ക് എത്രമാത്രം സാധിക്കുമെന്ന ആശങ്കയുണ്ട്.

No comments:

Post a Comment