Thursday, 8 September 2016

ഞാന്‍ വിളിച്ചു... ധോണിക്ക് എന്റെ ഫോണെടുക്കാന്‍ പോലും സമയമില്ല: യുവരാജ് സിംഗ്!



ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്ക് തന്റെ ഫോണ്‍ എടുക്കാന്‍ സമയം കിട്ടുന്നില്ലെന്ന് വെടിക്കെട്ട് ബാറ്റ്സ്മാന്‍ യുവരാജ് സിംഗ്. യു ഡബ്ലിയു സി ഫാഷന്‍ എന്ന യുവിയുടെ വസ്ത്രവില്‍പന രംഗത്തെ പുതിയ സംരംഭത്തിന്റെ ലോഞ്ചിംഗിന് ധോണി എത്താത്തിനെക്കുറിച്ച്‌ ചോദിച്ചപ്പോളാണ് യുവരാജ് ഈ മറുപടി പറഞ്ഞത്. ഞായറാഴ്ചയായിരുന്നു ഫാഷന്‍ രംഗത്ത് യുവിയുടെ അരങ്ങേറ്റം.

ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ഫര്‍ഹാന്‍ അക്തര്‍, അര്‍ജുന്‍ രാംപാല്‍, ഫരാ ഖാന്‍ തുടങ്ങിയ പ്രമുഖരാണ് യുവിയുടെ പരിപാടിക്ക് എത്തിയത്.

ക്രിക്കറ്റില്‍ നിന്നും സേവാഗ്, ക്രിസ് ഗെയ്ല്‍, ബ്രാവോ, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍ തുടങ്ങിയ പ്രമുഖരും എത്തി. കൂട്ടത്തില്‍ എം എസ് ധോണിയുടെ അസാന്നിധ്യം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

എനിക്ക് തോന്നുന്നു ധോണി വളരെ തിരക്കിലാണ് എന്ന്. ഞാന്‍ ധോണിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ധോണി ആരുടെയും ഫോണ്‍ എടുക്കാറില്ല എന്ന് തോന്നുന്നു. ധോണി ട്വന്റി 20 ക്രിക്കറ്റുമായി തിരക്കിലാണ് എന്നാണ് തോന്നുന്നത്. എന്തായാലും ധോണിയുടെ സഹായം തനിക്കുണ്ടാകും എന്നാണ് കരുതുന്നത്. ട്വന്റി 20 പരമ്ബരയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ധോണി തന്റെ ബയോപിക് ആയ എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ക്യാപ്റ്റന്‍ ധോണിയെ ഫോണില്‍ വിളിച്ചാല്‍ കിട്ടില്ല എന്ന് പരാതിപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമല്ല യുവരാജ് സിംഗ്. റിട്ടയര്‍മെന്റിനെക്കുറിച്ച്‌ സംസാരിക്കാന്‍ വേണ്ടി ധോണിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല എന്ന് വി വി എസ് ലക്ഷ്മണും പറഞ്ഞിരുന്നു. യുവരാജ് സിംഗിന്റെ വാക്കുകളോട് പ്രതികരിക്കാന്‍ എം എസ് ധോണി തയ്യാറായിട്ടില്ല.

No comments:

Post a Comment