Wednesday, 7 September 2016

കെ. ബാബുവിന്റെ ലോക്കര്‍ കാലി; മകളുടേതില്‍ 120 പവന്‍ സ്വര്‍ണം



അതേസമയം മകള്‍ ഐശ്വര്യയുടെ പേരില്‍ എറണാകുളം തമ്മനത്തെ യൂണിയന്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നിന്ന് 120 പവന്‍ സ്വര്‍ണം കണ്ടെത്തി.

കൊച്ചി: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ ബാങ്ക് ലോക്കറുകള്‍ തുറന്നതില്‍ ഒന്നും കണ്ടെത്താനായില്ല. അതേസമയം മകള്‍ ഐശ്വര്യയുടെ പേരില്‍ എറണാകുളം തമ്മനത്തെ യൂണിയന്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നിന്ന് 120 പവന്‍ സ്വര്‍ണം കണ്ടെത്തി. 
തമ്മനത്തെ ബാങ്കില്‍ രാവിലെ 9 മണിക്ക് വിജിലന്‍സ് സംഘം പരിശോധന ആരംഭിച്ചിരുന്നു. ബാബുവിന്റെ ഇളയ മകള്‍ ഐശ്വര്യയുടെയും ഭര്‍ത്താവ് വിപിന്റെയും പേരിലുള്ള ലോക്കറില്‍ നിന്ന് 120 പവന്‍ സ്വര്‍ണം കണ്ടെത്തി. 
ഉച്ചയ്ക്കുശേഷമാണ് കെ.
ബാബുവിന്റെയും ഭാര്യ ഗീതയുടെയും പേരിലുള്ള അക്കൗണ്ടുകള്‍ വിജിലന്‍സ് സംഘം പരിശോധിച്ചത്. തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിലെ എസ്.ബി.ടി. ബാങ്കിലെ ബാബുവിന്റെയും വടക്കേക്കോട്ട എസ്.ബി.ഐ. ശാഖയില്‍ ഭാര്യ ഗീതയുടെയും പേരിലുള്ള ലോക്കറുകളില്‍ ഒന്നും ഉണ്ടായിരുന്നില്ല. ആയിരം രൂപയില്‍ താഴെ മാത്രമാണ് ഇരുവരുടെയും അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന തുക. 
ഓരോ സ്ഥലത്തും പരിശോധനയില്‍ കണ്ടെത്തിയ വസ്തുവകകള്‍ അതതിടത്ത് സീല്‍ ചെയ്ത് സൂക്ഷിക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ബാബുവിന്റെ ആദായ നികുതി രേഖകള്‍ വാങ്ങുന്നതിന് അന്വേഷണ സംഘം നടപടി സ്വീകരിച്ചു. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിനാല്‍ ആദായ നികുതി വകുപ്പ് മുഴുവന്‍ രേഖകളും വേഗത്തില്‍ കൈമാറും. 
ബാബുവിനെയും കുടുംബാംഗങ്ങളെയും അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. ഭൂരേഖകളും ബാബുവിന്റെ വിദേശ യാത്രകള്‍ സംബന്ധിച്ച രേഖകളും പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. തൃപ്പൂണിത്തുറയിലെ സേവ് കോണ്‍ഗ്രസ് ഫോറവും പ്രതികരണ വേദിയുമാണ് ബാബുവിനെതിരെ പരാതി നല്‍കിയത്. 
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം 2016 വരെ ബാബുവിന്റെ ആകെ ആസ്തി 1.90 കോടിയാണ്. സ്വര്‍ണം, ഭൂമി, വാഹനം എന്നിവയുടെ മൂല്യം കണക്കാക്കിയാണ് ഇത്രയും വ്യക്തമാക്കിയിരുന്നത്. 
എസ്.ബി.ടി. യുടെ നാല് അക്കൗണ്ടുകളിലായി 17.13 ലക്ഷം നിക്ഷേപമുണ്ടെന്നും ഭാര്യക്ക് 7.45 ലക്ഷത്തിന്റെ സ്വര്‍ണവും വീടും കെട്ടിടങ്ങളുമടക്കം 1.65 കോടിയുടെ ആസ്തിയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ ഒരു ബാധ്യതയും ഇല്ലാതെ മന്ത്രിസ്ഥാനത്തുള്ള വരുമാനം കൊണ്ട് മാത്രമാണ് കെ. ബാബുവും കുടുംബവും ഇത്രയും ആസ്തി നേടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

No comments:

Post a Comment