ദുബായ് ∙ വിമാനയാത്രാ നിരക്കു നിശ്ചയിക്കുന്നതു വിപണി ആവശ്യകതയ്ക്ക് അനുസരിച്ചായതിനാൽ എയർ ഇന്ത്യ എക്സ്പ്രസ് ലാഭത്തിലാണെങ്കിലും ടിക്കറ്റ് നിരക്കു കുറയ്ക്കാനാവില്ലെന്നു സിഇഒ ശ്യാം സുന്ദർ. ടിക്കറ്റ് നിരക്കു നിശ്ചയിക്കുന്നതിൽ കമ്പനിക്ക് ഒരു പങ്കുമില്ല. ആഗോള വിപണിയിൽ ഇന്ധനവില ഇടിഞ്ഞതും വിമാനങ്ങളുടെ പൂർണമായ ഉപയോഗവും യാത്രക്കാരുടെ വർധനയുമാണ് ലാഭം കൂടാൻ കാരണം. കഴിഞ്ഞ മാസത്തെ കണക്കുപ്രകാരം 361.68 കോടി രൂപയാണ് ലാഭമെന്നും വ്യക്തമാക്കി.
എയർ ഇന്ത്യ എക്സ്പ്രസ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇന്ത്യയിലെ രണ്ടു കേന്ദ്രങ്ങളിലേക്കുകൂടി സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ കോൺസൽ ജനറൽ അനുരാഗ് ഭൂഷൺ, എയർ ഇന്ത്യ എക്സ്പ്രസ് ഗൾഫ്–മിഡിൽ ഈസ്റ്റ് റീജനൽ മാനേജർ മെൽവിൻ ഡിസിൽവ, ജിഎസ്എ എയർ ഇന്ത്യ എക്സ്പ്രസ് എംഡി അബ്ദുൽ വാഹിദ് എന്നിവരും പങ്കെടുത്തു.
ഷാർജയിൽനിന്ന് ചണ്ഡിഗഡ്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് പുതിയ സർവീസ്
ഷാർജയില് നിന്ന് പഞ്ചാബിലെ ചണ്ഡിഗഡ്, തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് ഈ മാസം മധ്യത്തോടെ സർവീസ് ആരംഭിക്കുക. തിരുച്ചിറപ്പള്ളിയിലേക്കു പ്രതിദിന സർവീസാണ്. എന്നാൽ, ചണ്ഡിഗഡിലേക്കു തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണു സർവീസ്. ഐഎക്സ്188 വിമാനം ഷാർജയിൽനിന്ന് യുഎഇ സമയം ഉച്ചയ്ക്കു 12.45നു പുറപ്പെട്ട് ഇന്ത്യൻ സമയം വൈകിട്ട് 5.15നു ചണ്ഡിഗഡിലെത്തും.
ഐഎക്സ് 187 വിമാനം വൈകിട്ട് 6.15നു ചണ്ഡിഗഡിൽനിന്നു പുറപ്പെട്ടു രാത്രി എട്ടിനു ഷാർജയിലെത്തിച്ചേരും. ഐഎക്സ് 614 വിമാനം ഷാർജയിൽനിന്നു യുഎഇ സമയം രാത്രി 8.35നു പുറപ്പെട്ട് ഇന്ത്യൻ സമയം പിറ്റേന്നു പുലർച്ചെ 2.30നു തിരുച്ചിറപ്പള്ളിയിലെത്തും. ഐഎക്സ് 613 വിമാനം അവിടെനിന്നു പുലർച്ചെ 3.30നു പുറപ്പെട്ടു രാവിലെ ആറരയ്ക്കു ഷാർജയിലെത്തും.
ഷാർജയിൽനിന്നു വാരാണസിയിലേക്കുള്ള സർവീസും പ്രതിദിനമാക്കി. ഷാർജയിൽനിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ചു. 27 സർവീസുകളിൽ നിന്ന് 41 ആയി ഉയർന്നു. ഫുജൈറയിൽനിന്നു സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ചു ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ 11 കേന്ദ്രങ്ങളിലേക്കു പ്രതിവാരം 164 സർവീസുകളാണുള്ളത്. ഗൾഫിലെ മറ്റു ഭാഗങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വർധിപ്പിച്ചു.
യാത്ര എളുപ്പമാക്കാൻ മൊബൈൽ ആപ്പ്
വിമാനയാത്രാ നടപടികൾ എളുപ്പമാക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമാകുന്ന എയർ ഇന്ത്യ ആപ്പിലൂടെ ലോകത്തെവിടെനിന്നും യാത്രാ നടപടികൾ പൂർത്തിയാക്കാം. ആപ്പിലൂടെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ബുക്കിങ് വിശദാംശങ്ങൾ അറിയാനും റദ്ദാക്കാനും 48 മണിക്കൂറിനു മുൻപു ചെക്ക് ഇൻ ചെയ്യാനും ഇതുവഴി സാധിക്കും. ബാഗേജ്, സ്പെഷൽ ഓഫർ തുടങ്ങിയവയും യഥാസമയം അറിയാം. എസ്എംഎസ് മുഖേന യാത്രാ വിവരങ്ങൾ കൈമാറുന്നതിനു പുറമേ, ഫേസ് ബുക് പേജും ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment