Tuesday, 6 September 2016

'ബീഫ് മണത്ത്' ഹരിയാന പോലീസ് റെക്കോര്‍ഡിട്ടു



ബിരിയാണിക്കായി ഉപയോഗിക്കുന്ന ഇറച്ചിയില്‍ ബീഫുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ബിരിയാണി സാമ്ബിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുന്ന തിരക്കിലാണ് മേവത് ജില്ലാ പോലീസ്.

ചണ്ഡീഗഡ്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതില്‍ ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് ഹരിയാനയ്ക്കുള്ളത്. എന്നാല്‍ ഹരിയാനയിലെ മേവത് ജില്ലാ പോലീസ് മറ്റൊരു കാര്യത്തിലാണ് റെക്കോര്‍ഡിട്ടിരിക്കുന്നത്.
ഇവിടുത്തെ കടകളില്‍ നിന്നുള്ള ബിരിയാണി സാമ്ബിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുന്ന തിരക്കിലാണ് മേവത് ജില്ലാ പോലീസ്.


ബിരിയാണിക്കായി ഉപയോഗിക്കുന്ന ഇറച്ചിയില്‍ ബീഫുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പോലീസ് ബിരിയാണി സാമ്ബിളുകള്‍ ശേഖരിക്കുന്നത്. ഇവിടെ ഭക്ഷണശാലകളില്‍ ബീഫ് വില്‍പ്പന നടത്തുന്നു എന്ന് കാണിച്ച്‌ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബിരിയാണി സാമ്ബിളുകള്‍ ശേഖരിക്കാന്‍ പോലീസ് തയ്യാറായത്. ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനമായതിനാല്‍ ഹരിയാനയില്‍ ബീഫ് വില്‍ക്കുന്നത് കുറ്റകരമാണ്.

അതിനാല്‍ മറ്റേതെങ്കിലും രൂപത്തില്‍ ഇത് വില്‍ക്കുന്നുണ്ടോ എന്നറിയാനാണ് പോലീസ് ശ്രമിക്കുന്നത്. ബീഫ് ബിരിയാണി വ്യാപകമായി വില്‍ക്കുന്നു എന്നാണ് പോലീസിന് ലഭിച്ച പരാതികളില്‍ പറയുന്നത്.

പുതിയ നീക്കത്തിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ജോലിചെയ്യാനുള്ള ജനങ്ങളുടെ അവകാശത്തിനെതിരെയുള്ള കടന്ന് കയറ്റമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ പരിശോധനകളുമായി മുന്നോട്ട് പോകാനാണ് മേവത് പോലീസിന്റെ തീരുമാനം.

No comments:

Post a Comment