ബിഡിജെഎസ് യോഗത്തില്‍ സിപിഎമ്മിനെതിരെ കടന്നാക്രമിച്ചപ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ എസ് എന്‍ ഡി പി യോഗം ഊരുവിലക്കിയെന്ന ആരോപണം ശരിവച്ച് രേഖ പുറത്ത്; എരുമേലിയിലെ വിവാദത്തിന് വഴിത്തിരിവ്
പത്തനംതിട്ട: തുഷാര്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയായ ബി.ഡി.ജെ.എസിനെതിരേ സംസാരിച്ചതിന്റെ പേരില്‍ ഈഴവകുടുംബത്തിനെ ഊരുവിലക്കി ഒറ്റപ്പെടുത്തുന്നുവെന്ന മറുനാടന്‍ വാര്‍ത്ത ശരിവച്ച് ഊരുവിലക്കിന്റെ രേഖകള്‍ പുറത്ത്. ഇതോടെ ബി.ഡി.ജെ.എസിനെതിരായി പ്രവര്‍ത്തിച്ചെന്ന കാരണം പറഞ്ഞ് ഈഴവ കുടുംബത്തെ ഊരുവിലക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന എരുമേലി എസ്.എന്‍.ഡി.പി. യൂണിയന്റെ അവകാശവാദം ഇതോടെ പൊളിഞ്ഞു. വെണ്‍കുറിഞ്ഞി 286ാം നമ്ബര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിലെ അംഗം നരിയാനി പൊയ്കയില്‍ കെ.പി.
ശശി, സഹോദരന്‍ കെ.പി. ഗോപി എന്നിവരുടെ കുടുംബങ്ങളെയാണ് ഊരുവിലക്കിയത്.
വെണ്‍കുറിഞ്ഞി 286ാം നമ്ബര്‍ ശാഖാംഗമായ ശശിയുടെ കുടുംബത്തെ ഊരുവിലക്കിയെന്നും മകളുടെ കല്യാണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മറ്റ് ശാഖാംഗങ്ങളെ തടഞ്ഞതുമാണ് വിവാദത്തിന് തുടക്കമാകുന്നത്. വാര്‍ത്ത നിഷേധിച്ച് പിറ്റേന്ന് തന്നെ എസ്.എന്‍.ഡി.പി യൂണിയന്‍ നേതാക്കള്‍ എരുമേലിയില്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഊരു വിലക്ക് വാര്‍ത്ത സത്യസന്ധമാണെന്ന് നടപടി നേരിട്ട വെണ്‍കുറിഞ്ഞി നരിയാനി പൊയ്കയില്‍ കെ.പി. ശശിയുടെ ഭാര്യ വത്സല അറിയിച്ചു. ഇത് മറുനാടന്‍ വാര്‍ത്തയാക്കി. ഇതോടെയാണ് ഊരുവിലക്ക് വാര്‍ത്ത തെറ്റാണെന്ന് എസ് എന്‍ ഡിപി യൂണിയന്‍ എത്തിയത്. ഊരുവിലക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നായിരുന്നു യൂണിയന്‍ നേതാക്കളുടെ അവകാശവാദം. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖയാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 12 ന് ചേര്‍ന്ന ശാഖാ പൊതുയോഗം ശശിയുടെയും ഗോപിയുടെയും കുടുംബത്തെ പുറത്താക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം സൂചിപ്പിച്ച് ജൂണ്‍ 18 ന് കുടുംബ യൂണിറ്റുകള്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പാണു പുറത്തുവന്നത്.
'മെയ് ഒന്നിന് ശശിയും ഗോപിയും ചേര്‍ന്ന് കുടുംബയൂണിറ്റ് അംഗങ്ങളെയും ശാഖാ ഭാരവാഹികളെയും അസഭ്യം പറഞ്ഞത് പൊതുയോഗം ചര്‍ച്ച ചെയ്തു. തങ്ങള്‍ ചെയ്ത തെറ്റ് തിരുത്താനും ക്ഷമാപണം നടത്താനും ശശിയും ഗോപിയും തയാറാകാത്ത സാഹചര്യത്തില്‍ ഇവരുടെ കുടുംബങ്ങളുമായി അഞ്ചുവര്‍ഷക്കാലത്തേക്ക് ശാഖയും ശാഖാ അംഗങ്ങളും യാതൊരു വിധ സഹകരണവും പാടില്ല' എന്നാണ് ശാഖാ സെക്രട്ടറി പി.ജെ. ലിജികുമാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്. ശാഖാ കമ്മിറ്റിയുടെ എല്ലാ കുടുംബ യൂണിറ്റുകള്‍ക്കും ഇത് അയച്ചു കൊടുത്തിരുന്നു. വിലക്ക് ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരേ നടപടി എടുക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ശാഖാ പൊതുയോഗം വിളിച്ചിട്ടുണ്ട്.
തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മനുഷ്യത്വ രഹിതമായ പ്രവൃത്തിക്കെതിരേ വത്സല മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ്. ശാഖാ പ്രസിഡന്റ് ഷിന്‍ ശ്യാമളന്‍, സെക്രട്ടറി പി.ജെ. ലിജികുമാര്‍ എന്നിവര്‍ക്കെതിരേയാണ് പരാതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന്റെ പ്രചാരണാര്‍ഥം ശശിയുടെ വീട്ടില്‍ വച്ച് യോഗം ചേര്‍ന്നിരുന്നു. ഇതില്‍ സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത് ശശി എതിര്‍ത്തു. ഇതാണ് പ്രശ്ന കാരണമായത്. ഇതിന്റെ പേരില്‍ മറ്റൊരു വീട്ടില്‍ ചേര്‍ന്ന യോഗം ശശിയുടെ കുടുംബത്തിന് ഊരുവിലക്ക് പ്രഖ്യാപിക്കുകയും ശാഖയിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. ജൂണ്‍ 12 ന് ചേര്‍ന്ന ശാഖാ പൊതുയോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളുടെയും എതിര്‍പ്പ് മറികടന്ന് അഞ്ചു വര്‍ഷത്തേക്ക് ശശിയുടെ കുടുംബത്തിന് ഊരുവിലക്ക് പ്രഖ്യാപിച്ചു. ശശിയുടെ മകളുടെ വിവാഹം കഴിഞ്ഞ മാസം 28 നാണ് തീരുമാനിച്ചിരുന്നത്. 21 ന് ചേര്‍ന്ന ശാഖാ പൊതുയോഗം ഈ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 1000 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചു. വിവാഹത്തിന് സമുദായ പത്രികയും നിഷേധിച്ചു.
എന്നാല്‍ യൂണിയന്റെ വിലക്ക് മറികടന്ന്, ശാഖയില്‍ നിന്നുള്ള പകുതിയിലേറെ കുടുംബാംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തു. 137 കുടുംബങ്ങളാണ് ശാഖയിലുള്ളത്. ഇതില്‍ അറുപതോളും കുടുംബങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.
No comments:
Post a Comment