Friday, 9 September 2016

സൗമ്യയെ ട്രെയിനില്‍നിന്ന് താഴേക്ക് തള്ളിയിട്ടതിനു തെളിവുകളുണ്ട്: ഷെര്‍ളി വാസു



കോഴിക്കോട് • സൗമ്യയെ ട്രെയിനില്‍നിന്ന് താഴേക്ക് തള്ളിയിട്ടതിനു തെളിവുകളുണ്ടെന്ന് ഡോക്ടര്‍ ഷെര്‍ളി വാസു. ട്രെയിനില്‍നിന്ന് സ്വയം ചാടുമ്ബോഴുണ്ടാകുന്ന തരം മുറിവുകളല്ല ശരീരത്തില്‍ കണ്ടെത്തിയതെന്നു സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി പറഞ്ഞു. സുപ്രീംകോടതിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

സൗമ്യയുടെ നെറ്റിയില്‍ ആറു മുറിവുകള്‍ കണ്ടെത്തിയിരുന്നു. ട്രെയിനിന്റെ വാതിലില്‍ തല ശക്തിയായി ഇടിപ്പിച്ചതിന്റെ മുറിവുകളായിരുന്നു ഇത്. മാത്രമല്ല, കൈകള്‍ വാതിലിനിടയില്‍ അമര്‍ത്തി ക്ഷതമേല്‍പ്പിച്ചതിന്റെ മുറിവുകളും കണ്ടെത്തിയിരുന്നു. പാതി ബോധം നഷ്ടപ്പെട്ട സൗമ്യയെ ട്രെയിനില്‍നിന്ന് താഴേക്ക് തള്ളിയിട്ടതാണെന്നു മുറിവുകള്‍ കണ്ടാലറിയാം.
പേടിച്ച്‌ പുറത്തേക്കു ചാടിയതാണെങ്കില്‍ പരുക്കുകളുടെ സ്വഭാവം ഇങ്ങനെയല്ല. കൈകാലുകളുടെ എല്ല് പൊട്ടും. നട്ടെല്ലിനും ക്ഷതമേല്‍ക്കും.

ഗോവിന്ദച്ചാമിയുടെ ചര്‍മത്തിന്റെ ഭാഗങ്ങള്‍ സൗമ്യയുടെ നഖത്തിനുള്ളില്‍നിന്ന് ലഭിച്ചിരുന്നു. ശരീരത്തില്‍നിന്ന് കിട്ടിയ ബീജവും പരിശോധിച്ചു. ഈ രണ്ടു ഡിഎന്‍എകളും പരിശോധിച്ചപ്പോള്‍ ഗോവിന്ദച്ചാമിയുടേതാണെന്നു കണ്ടെത്തിയിരുന്നു. ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങള്‍ സഹിതമാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇക്കാര്യങ്ങള്‍ വിചാരണക്കോടതിയിലെ സാക്ഷിവിസ്താരത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഷെര്‍ളി വാസു പറഞ്ഞു.

No comments:

Post a Comment