Friday, 9 September 2016

ഗോവിന്ദച്ചാമി തള്ളിയിട്ടതാണെന്നത് ഊഹിച്ചതാണെന്ന് പറഞ്ഞ് സുപ്രീം കോടതിയുടെ ശകാരം ഏറ്റുവാങ്ങിയ അഭിഭാഷകന്‍ മുന്‍ കേരള ഹൈക്കോടതി ജഡ്ജി; സ്പെഷ്യല്‍ പ്രൊസിക്യൂട്ടറെ കൂടി ഉള്‍പ്പെടുത്തി കേസ് നടത്താനുള്ള സര്‍ക്കാര്‍ ശ്രമം ഇനി കോടതി അംഗീകരിക്കുമോ എന്ന് കണ്ടറിയണം; കൊലപാതകം തെളിയിച്ചില്ലെങ്കില്‍ ഏഴുവര്‍ഷം തടവില്‍ കേസ് ഒതുങ്ങും



തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമി പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് സുപ്രീംകോടതിയുടെ ശകാരം ഏറ്റുവാങ്ങേണ്ടിവന്ന മുതിര്‍ന്ന അഭിഭാഷകനൊപ്പം വിചാരണക്കോടതിയില്‍ സ്പെഷ്യല്‍ പ്രൊസിക്യൂട്ടറായിരുന്ന എസ് സുരേശനെക്കൂടി അഭിഭാഷക സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി.

വിചാരണക്കോടതിയില്‍ കേസ് ഇഴകീറി വാദിച്ചിരുന്നതും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങിക്കൊടുത്തതും സുരേശനായിരുന്നു.
ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കുന്ന ആളൂരിനെ നേരിടാന്‍ സുപ്രീംകോടതിയില്‍ എത്തിക്കുന്നതിന് നീക്കം നടക്കുന്നത്. കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ക്രൂരമായ സംഭവത്തില്‍ കൊലപാതകത്തിന് തെളിവില്ലെന്ന കാരണത്താല്‍ പ്രതി കുറഞ്ഞ ശിക്ഷവാങ്ങി രക്ഷപ്പെടുന്നതിനെ ഏതുവിധേനയും പ്രതിരോധിക്കണമെന്ന ആവശ്യം ശക്തമാണ്.

പക്ഷേ, സുരേശനെ കൂടി ഉള്‍പ്പെടുത്താന്‍ സുപ്രീംകോടതി കേസിന്റെ ഈ അന്തിമഘട്ടത്തില്‍ അനുവദിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇപ്പോള്‍ നടന്ന വിചാരണയുടെ അടിസ്ഥാനത്തില്‍ ശിക്ഷ പുനപരിശോധിക്കപ്പെട്ടാല്‍ സൗമ്യയെ കൊലപ്പെടുത്തിയെന്ന കുറ്റം തെളിയിക്കപ്പെട്ടില്ലെങ്കില്‍ ഗോവിന്ദച്ചാമി ഏഴുവര്‍ഷം തടവുശിക്ഷ ഏറ്റുവാങ്ങി രക്ഷപ്പെട്ടേക്കുമെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

കേസിന്റെ അപ്പീല്‍ വാദത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ തോമസ് പി ജോസഫിന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സംഘത്തെ ഈ സര്‍ക്കാരും അതേപടി നിലനിറുത്തുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനെന്ന നിലയില്‍ സുപ്രീംകോടതിയില്‍ ഹാജരായ ഹൈക്കോടതി മുന്‍ ജഡ്ജി കൂടിയായ തോമസ് പി. ജോസഫിന് പക്ഷേ സുപ്രീം കോടതിയില്‍ ആളൂരിന്റെ വാദങ്ങളെ ഖണ്ഡിക്കാനായില്ല. ഈ സാഹചര്യം പുനപരിശോധിച്ചാണ് ഇപ്പോള്‍ അഡ്വ. സുരേശനെ കൂടി അഭിഭാഷക സംഘത്തില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ ആരായുന്നത്.

അതേസമയം, വിചാരണക്കോടതിയില്‍ ഹാജരായി, ആദ്യഘട്ടത്തില്‍ കേസ് പഠിക്കുകയും ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ആളൂരിനെതിരെ കടുത്ത എതിര്‍വാദങ്ങള്‍ തെളിവുകള്‍ സഹിതം അവതരിപ്പിച്ച്‌ വധശിക്ഷ വാങ്ങിക്കൊടുത്ത സുരേശനെ എന്തുകൊണ്ട പിന്നീട് ഈ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകനായി നിലനിര്‍ത്തിയില്ലെന്ന ചോദ്യവും ഉയരുന്നു. മുന്‍ ജഡ്ജി കൂടി ആയിരുന്നിട്ടും തോമസ് പി ജോസഫിന് കേസിലെ ശാസ്ത്രീയസാഹചര്യ തെളിവുകള്‍ വേണ്ട വിധത്തില്‍ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താനായില്ലെന്നതും എന്തുകൊണ്ടാണെന്ന സംശയവും പലരും ഉന്നയിക്കുന്നു.

സുപ്രീംകോടതിയില്‍ അപ്പീല്‍ വാദം നടക്കുന്നതായി സ്റ്റാന്‍ഡിങ് കോണ്‍സലോ, അഭിഭാഷകരോ സര്‍ക്കാരിനെ അറിയിച്ചതുമില്ലെന്ന് നിയമമന്ത്രി എ.കെ. ബാലന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആവശ്യപ്പെട്ടെങ്കില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയും സംഘത്തില്‍ ഉള്‍പ്പെടുത്തുമായിരുന്നുവെന്നും, ഇനി ഇക്കാര്യത്തില്‍ ആവശ്യമായ നടപടികളുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.




പ്രതി ഗോവിന്ദച്ചാമി ഒറ്റക്കൈയനായതിനാല്‍ സൗമ്യയെ തള്ളിയിടാനും തലയ്ക്കടിക്കാനുമാവില്ലെന്നായിരുന്നു വിചാരണക്കോടതിയിലും സുപ്രീംകോടതിയിലും പ്രതിഭാഗം വാദിച്ചത്. എന്നാല്‍, മോഷണ ശ്രമത്തിനിടെ ലൈംഗികതാത്പര്യമുണ്ടായപ്പോള്‍ സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളി താഴെയിട്ട് മാനഭംഗപ്പെടുത്തിയെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഹിതേഷ് ശങ്കറിനോട് പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.

സൗമ്യയുടെ ശരീരത്തിലെ മുറിവുകളും വീണ സ്ഥലവും പരിശോധിച്ചപ്പോള്‍ ട്രെയിനില്‍ നിന്ന് ചാടിയതല്ലെന്നും, തള്ളിയിട്ടതിന് സമാനമാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താനാവാഞ്ഞതാണ് തിരിച്ചടി നേരിട്ടത്.

അതേസമയം, ട്രെയിനുകളില്‍ പിടിച്ചുപറി നടത്തുന്ന തമിഴ്നാട്ടുകാരനായ ഗോവിന്ദച്ചാമിക്ക് സുപ്രീംകോടതി വരെ കേസുനടത്താന്‍ ഫണ്ടിങ് നടത്തുന്നതിന്റെ പിന്നിലെ ദുരൂഹത തുടരുകയാണ്. ആരാണ് പണമൊഴുക്കുന്നതെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മുംബയിലെ ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ. ആളൂരാണ് ഗോവിന്ദച്ചാമിക്കായി ഹാജരാവുന്നത്. മുംബയ് ആസ്ഥാനമായി ട്രെയിന്‍കൊള്ള നടത്തുന്ന മാഫിയാസംഘം, മതപരിവര്‍ത്തനം നടത്തുന്ന ഡല്‍ഹിയിലെ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ഗോവിന്ദച്ചാമിയെപ്പോലുള്ള ക്രിമിനലുകള്‍ക്ക് പിന്നിലുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.

വധശിക്ഷയ്ക്കെതിരായ ഗോവിന്ദച്ചാമിയുടെ അപ്പീല്‍ ഹര്‍ജിയില്‍ 2014 ഏപ്രിലില്‍ സുപ്രീംകോടതി സര്‍ക്കാരിന് നോട്ടീസയച്ചിരുന്നുവെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തനിക്കെതിരെ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളതെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ വാദം. കേസ് വിശദമായി പഠിക്കാതെ അഭിഭാഷകര്‍ സുപ്രീംകോടതിയിലെത്തിയത് തിരിച്ചടിക്ക് കാരണമായെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.

ഗോവിന്ദച്ചാമിയുടെ വലതുകൈയുടെ ശക്തി ശാസ്ത്രീയമായി തെളിയിച്ച തൃശൂര്‍ മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും ലൈംഗികശേഷി പരിശോധനാഫലും വേണ്ടരീതിയില്‍ അവതരിപ്പിച്ചില്ലെന്നും തള്ളിയിട്ടതാകാനാണ് കൂടുതല്‍ സാധ്യതയെന്ന് തെളിവുകള്‍ നിരത്തി വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനായില്ലെന്നതും വന്‍ തിരിച്ചടിയായി.

സൗമ്യ യാത്രചെയ്തിരുന്ന ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ മൂന്നാം ബോഗിയില്‍ ഗോവിന്ദച്ചാമിയുടെ ഷര്‍ട്ടിന്റെ ബട്ടന്‍സും സൗമ്യയുടെ ഹെയര്‍പിന്നും കണ്ടെത്തിയത് ട്രെയിനിനുള്ളില്‍ സൗമ്യ ആക്രമിക്കപ്പെട്ടതിന്റെ തെളിവായിരുന്നു. ഇതേ ബോഗിയില്‍ ഗോവിന്ദച്ചാമിയെ കണ്ടെന്ന് ഷൊര്‍ണൂര്‍ സ്വദേശി കെ.പി. സന്തോഷിന്റെ സാക്ഷി മൊഴിയുമുണ്ട്. ഗോവിന്ദച്ചാമിയുടെ നെഞ്ചിലും മുതുകത്തും സൗമ്യ മാന്തിപ്പറിച്ച പാടുകളുണ്ടായിരുന്നു.

സൗമ്യയുടെ ശരീരത്തില്‍ നിന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെടുത്ത സ്രവങ്ങളും പുരുഷബീജവും മുടിയും നഖപ്പാടുകളും തൊലിയും ഗോവിന്ദച്ചാമിയുടേതാണെന്ന് തെളിയിക്കുന്ന ഡി.എന്‍.എ പരിശോധനാഫലവുമുണ്ടായിരുന്നു. ഇത്തരം സാഹചര്യത്തെളിവുകള്‍ കൂടി പരിഗണിച്ചാണ് വിചാരണക്കോടതിയിലും ഹൈക്കോടതിയിലെത്തിയ അപ്പീലിലും ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കുന്നതും അത് വീണ്ടും ശരിവയ്ക്കപ്പെടുന്നതും. ഈ സാഹചര്യത്തില്‍ ആദ്യംകേസ് വാദിച്ച സുരേശന്‍ എത്തിയാല്‍ അത് വലിയ ഗുണംചെയ്യുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിന് ഇപ്പോഴുള്ളത്.

No comments:

Post a Comment