Tuesday, 6 September 2016

കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കീഴിലാണ് നീലിറ്റ് പ്രവര്‍ത്തിക്കുന്നത്


എന്‍ജിനീയറിങ്ങും ഐ.ടി. പഠനവും പൂര്‍ത്തിയാക്കിയാലും എങ്ങനെ ജോലി ചെയ്യണമെന്ന പ്രായോഗികജ്ഞാനം പലര്‍ക്കുമുണ്ടാവില്ല. മാറിയ സാങ്കേതിക വിദ്യയ്ക്കനുസരിച്ച്‌ ഉദ്യോഗാര്‍ഥികളെ ജോലിചെയ്യാന്‍ പ്രാപ്തരാക്കുകയാണ് കോഴിക്കോട് ചാത്തമംഗലം പന്ത്രണ്ടാം മൈലില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (നീലിറ്റ്).


കാലത്തിനനുസരിച്ച്‌ മാറുന്ന സാങ്കേതിക വിദ്യയ്ക്കൊപ്പം സിലബസ് മാറും. അതുകൊണ്ട് വ്യവസായ മേഖലയിലെ പുത്തന്‍രീതികള്‍ പരിചയപ്പെടാം.
ഒപ്പം ജോലിയിലേക്ക് നേരിട്ടിറങ്ങാന്‍തക്ക രീതിയിലുള്ള പ്രവര്‍ത്തനവും. ഇങ്ങനെ അക്കാദമികരംഗത്തെയും വ്യാവസായിക മേഖലയെയും ചേര്‍ത്തു നിര്‍ത്തുകയാണ് നീലിറ്റ്. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കീഴിലാണ് നീലിറ്റ് പ്രവര്‍ത്തിക്കുന്നത്.

വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍


എം.ടെക്. കോഴ്സുകള്‍ കേരള സാങ്കേതിക സര്‍വകലാശാലയുടെ അംഗീകാരത്തോടെയാണ് നടത്തുന്നത്. ഇവയ്ക്കുപുറമെ പി.ജി. ഡിപ്ലോമ കോഴ്സുകളും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമുണ്ട്. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ആന്‍ഡ് ക്ലൗഡ് കമ്ബ്യൂട്ടിങ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ സിസ്റ്റം, എംബഡഡ് ഹാര്‍ഡ് വെയര്‍ ഡിസൈന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് തുടങ്ങി വിവിധവിഷയങ്ങളിലാണ് ഡിപ്ലോമ കോഴ്സുകള്‍. ഇതിനുപുറമെ ചുരുങ്ങിയ കാലത്തേക്കുള്ള തൊഴിലധിഷ്ഠിത പരിശീലനവും നടത്തുന്നുണ്ട്. എന്‍ജിനീയറിങ് ബിരുദധാരികള്‍, എം.എസ്സി., എം.സി.എ., ബി.എസ്.സി, ഡിപ്ലോമ (ഐ.ടി., കമ്ബ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്സ്) മേഖലയിലുള്ളവര്‍ക്കാണ് കോഴ്സ്. പട്ടികജാതിവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം തീര്‍ത്തും സൗജന്യമാണെന്നതാണ് ഇവിടത്തെ പ്രത്യേകത.


അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബിഗ് ഡാറ്റ അനലിറ്റിക്സ്


മെഡിക്കല്‍, ശാസ്ത്രസാങ്കേതിക രംഗം, കൊമേഴ്സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഡാറ്റ പരിശോധിച്ച്‌ ക്രോഡീകരിക്കുകയും അതുപയോഗിച്ച്‌ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യാനുള്ള പഠനമെന്ന് ബിഗ് ഡാറ്റ അനലിറ്റിക്സിനെ വിശേഷിപ്പിക്കാം. 
നാസ്കോമിന്റെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്ബനീസ്) കണക്കുപ്രകാരം 2025 ഓടെ ഇന്ത്യന്‍ ഡാറ്റാ അനലിറ്റിക്സ് സെക്ടര്‍ എട്ടുമടങ്ങാകുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ ഏതാണ്ട് 600 കമ്ബനികള്‍ ഈ മേഖലയിലുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. നാല് മാസത്തെ കോഴ്സിന് 40 സീറ്റാണുള്ളത്. കോഴ്സ് ഫീസ് 40,000 രൂപ.


പി.ജി. ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ സിസ്റ്റം


മനുഷ്യാധ്വാനം പരമാവധികുറച്ച്‌ സാങ്കേതികവിദ്യ കൂടുതലായി പ്രയോജനപ്പെടുത്താനുള്ള പഠനമാണിത്. വ്യാവസായിക മേഖലയിലുള്ള പല പ്രവര്‍ത്തനങ്ങളും ഒരിടത്തിരുന്ന് ഓട്ടോമാറ്റിക് ആയി ഈ സാങ്കേതിക വിദ്യയിലൂടെ നിയന്ത്രിക്കാന്‍കഴിയും. പവര്‍ പ്ലാന്റ്, കെമിക്കല്‍, ഓട്ടോ മൊബൈല്‍, പെട്രോളിയം, ഓയില്‍, ഗാസ് മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരം. ആറുമാസത്തെ കോഴ്സിന് 70,000 രൂപയാണ് ഫീസ്.


പി.ജി. ഡിപ്ലോമ ഇന്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്സ്


അകലെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍പോലും സ്വന്തം കൈയിലുള്ള മൊബൈല്‍ ഉപയോഗിച്ച്‌ നിയന്ത്രിക്കാന്‍കഴിയുന്ന സംവിധാനമാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്സ്. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്ബ്യൂട്ടിങ് ഉപകരണങ്ങള്‍, മെക്കാനിക്കല്‍, ഡിജിറ്റല്‍ മെഷീനുകള്‍ എന്നിവ വഴിയാണ് പ്രവര്‍ത്തനം. കോഴ്സ് കാലാവധി ആറുമാസം. 70,000 രൂപയാണ് ഫീസ്. പി.ജി. ഡിപ്ലോമ ഇന്‍ വി.എല്‍.എസ്.ഐ. ആന്‍ഡ് എംബഡഡ് ഹാര്‍ഡ് വെയര്‍ ഡിസൈന്‍


ഇലക്‌ട്രോണിക് ഉപകരണങ്ങളിലുള്ള ചിപ് വികസിപ്പിച്ചെടുക്കാനുള്ള പഠനമാണ് ഇത്. ഇലക്‌ട്രോണിക് മേഖലയില്‍ ഡിസൈന്‍ എന്‍ജിനീയര്‍മാരായി തൊഴില്‍ ലഭിക്കും. 40 സീറ്റാണുള്ളത്. ആറ് മാസത്തെ കോഴ്സ് ഫീസ് 80,000 രൂപ.


പി.ജി. ഡിപ്ലോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ആന്‍ഡ് ക്ലൗഡ് കമ്ബ്യൂട്ടിങ്


ക്ലൗഡ് കമ്ബ്യൂട്ടിങുമായി ബന്ധപ്പെട്ടുള്ള ആറുമാസത്തെ കോഴ്സാണിത്. സിസ്റ്റം ആന്‍ഡ് നെറ്റ് വര്‍ക് അഡ്മിനിസ്ട്രേഷന്‍, ക്ലൗഡ് കമ്ബ്യൂട്ടിങ് വിത് വെര്‍ച്വലൈസേഷന്‍, അഡ്വാന്‍സ്ഡ് സെക്യൂരിറ്റി മാനേജ്മെന്റ്, പ്രോജക്‌ട് എന്നിവയാണ് കോഴ്സിലുള്ളത്. 60,000 രൂപയാണ് ഫീസ്.

No comments:

Post a Comment