Wednesday, 7 September 2016

താടി വളര്‍ത്തിയെത്തിയ യുവാവിനെ ക്ലാസില്‍ കയറ്റിയില്ല; വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയപ്പോള്‍ താല്‍ക്കാലിക അനുമതി ലഭിച്ചു; മറ്റുള്ളവര്‍ക്കും താടി വെക്കാന്‍ അനുമതി വേണമെന്ന ആവശ്യം ശക്തം: ഹിലാലിന്റെ താടിയെ ചൊല്ലി കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിപിഎഡ് സെന്ററില്‍ വിവാദം



കോഴിക്കോട്: താടി വളര്‍ത്തിയതിന്റെ പേരില്‍ പൊല്ലാപ്പായിരിക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിലെ കായിക വിദ്യാര്‍ത്ഥി ഹിലാല്‍. കഴിഞ്ഞ ഒരു മാസത്തിലധികമായി തന്റെ താടി വരുത്തിയ വിവാദങ്ങളും അലയൊലികളും കാമ്ബസില്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. താടി വച്ചതിന്റെ പേരില്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഹിലാലിനെ ക്ലാസില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് യൂണിവേഴ്സിറ്റി അധികാരികള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒരു മാസത്തിനു ശേഷം വൈസ് ചാന്‍സിലര്‍ ക്ലാസില്‍ കയറാന്‍ താല്‍ക്കാലിക അനുമതി നല്‍കുകയായിരുന്നു.

എന്നാല്‍ താടി 'പ്രശ്നം' ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഹിലാലിന് അനുവദിച്ച ഇളവ് മറ്റെല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണമെന്നും താടി വെയ്ക്കല്‍ നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നുമാണ് ഇവരുടെ ആവശ്യം.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ ബി.പി.എഡ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിലാല്‍ ക്ലാസില്‍ കാലുകുത്തിയ അന്നു തുടങ്ങിയിരിക്കുന്നു ഈ താടി വിവാദം. ആദ്യം ആരും ഗൗനിക്കാതിരുന്നെങ്കിലും ഇപ്പോള്‍ വിഷയം കത്തിപ്പടര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ താടിയുടെ പേരില്‍ സമരം നടക്കുകയാണ്. ഹിലാലിനെ തിരിച്ചെടുത്ത ശേഷം സീനിയര്‍ വിദ്യാര്‍ത്ഥികളെല്ലാം സമരം ചെയ്യുന്നത് ഈ നിയമം എല്ലാവര്‍ക്കും വേണമെന്നു പറഞ്ഞുകൊണ്ടാണ്. താടി വരുത്തിവച്ച പ്രശ്നങ്ങള്‍ ഇനി എവിടെ ചെന്നെത്തുമെന്ന് ആര്‍ക്കും നിശ്ചയമില്ല. ക്ലാസുകള്‍ മുടങ്ങി ഓരോ ദിവസവും വിഷയം സങ്കീര്‍ണമാവുകയാണ്.

2009ല്‍ സോഫ്റ്റ് ബോള്‍ കേരളാ ടീമില്‍ കളിച്ച്‌ ഹിലാല്‍ അടങ്ങുന്ന ടീം വെങ്കല മെഡല്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം സീനിയര്‍ ബെയ്സ് ബോളില്‍ കേരളാ ടീമില്‍ കളിച്ചിരുന്നു. കായംകുളം കൊറ്റുകുളങ്ങര സ്വദേശിയായ ഹിലാല്‍ കായിക പഠനത്തിലെ താല്‍പര്യമാണ് ബി.പി.എഡ് കോഴ്സ് എടുക്കാന്‍ പ്രേരിപ്പിച്ചത്. നിലവില്‍ കായിക പഠനത്തില്‍ ബിരുദ കോഴ്സ് കാലിക്കറ്റിലാണുള്ളത്. ഇതിനാല്‍ ഇവിടെ വന്നി പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രവേശന പരീക്ഷയും അഡ്മിഷനുമെല്ലാം കഴിഞ്ഞ് ഓഗസ്റ്റ് ഒന്നിനായിരുന്നു ക്ലാസ് ആരംഭിച്ചത്. ഈ ദിവസം തന്നെ ഹിലാല്‍ എത്തിയിരുന്നു. എന്നാല്‍ തന്റെ നീട്ടി വളര്‍ത്തിയ താടിയായിരുന്നു പിന്നീടങ്ങോട്ട് വിവാദം സൃഷ്ടിച്ചത്. താടി വളര്‍ത്തി ക്ലാസില്‍ വരാന്‍ പാടില്ലെന്ന് നിലവില്‍ നിയമമില്ലെന്ന് മാത്രമല്ല കോഴ്സിന്റെ നിയമാവലില്‍ പറയുന്നുമില്ല. എന്നാല്‍ കോളേജ് അധികൃതരാകട്ടെ കീഴ്വഴക്കവും യൂണിഫോമിറ്റിയും ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെ എതിര്‍ത്തത്. താടി ഷേവ് ചെയ്താല്‍ അല്ലാതെ ക്ലാസില്‍ കയറേണ്ടന്ന നിലപാട് എച്ച്‌.ഒ.ഡി എടുത്തതിനു പിന്നിലും ഈ കീഴ്വഴക്കങ്ങളായിരുന്നു. സംഭവം ചര്‍ച്ചയാവുകയും ഹിലാലിനെ തിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ കാലിക്കറ്റിലെ താടി വിവാദം മറ്റൊരു തലത്തില്‍ എത്തിയിരിക്കുകയാണ്.

ആരെയും മോശമാക്കാനായിരുന്നല്ലെന്നും ഭാവിയില്‍ ഇത്തരമൊരു അവസ്ഥ മറ്റാര്‍ക്കും ഉണ്ടാവരുതെന്നു കരുതിയാണ് താന്‍ നിലപാടില്‍ ഉറച്ചു നിന്നതെന്ന് ഹിലാല്‍ പറഞ്ഞു. താടി വളര്‍ന്ന ശേഷം ഇതുവരെ ഷേവ് ചെയ്തില്ലെന്നും ഇത് പ്രവാചക ചര്യയും മതവിശ്വാസത്തിന്റെ ഭാഗമായതുകൊണ്ടുമാണ് താന്‍ താടി വെക്കുന്നതെന്നും ഹിലാല്‍ പറഞ്ഞു. താടിയുടെ പേരില്‍ ക്ലാസില്‍ നിന്നും പുറത്താക്കപ്പെടുന്ന മാനസികാവസ്ഥ ഒരു വിദ്യാര്‍ത്ഥിക്കും സഹിക്കാനാവാത്തതാണെന്ന് ഹിലാല്‍ പറയുന്നു. താടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കായിക വിദ്യാര്‍ത്ഥി മുഹമ്മദ് ഹിലാല്‍ മറുനാടന്‍ മലയാളിയോടു മനസു തുറക്കുന്നതിങ്ങനെ:

ഒന്നാം തിയ്യതി ക്ലാസില്‍ വന്നപ്പോഴാണ് അദ്ധ്യാപകന്‍ ഈ കാര്യം എന്നോട് പറഞ്ഞത്. താടി ഷേവ് ചെയ്താല്‍ മാത്രമെ ക്ലാസില്‍ കയറിയാല്‍ മതിയെന്നു പറഞ്ഞു. പിന്നീട് 31 ദിവസം എനിക്ക് ക്ലാസില്‍ കയറാന്‍ സാധിച്ചില്ല. ഷേവ് ചെയ്യുക എന്നത് ഈ കോഴ്സിന്റെയും ഇവിടത്തെയും രീതിയാണെന്നാണ് ഇവരെല്ലാം പറഞ്ഞിരുന്നത്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് യാതൊരു ചട്ടമോ നിയമാവലിയോ ഇല്ലായിരുന്നു. സിക്ക് മതക്കാര്‍ക്ക് അവന്റെ താടി എത്രമാത്രം പ്രധാനമാണോ അതുപോലെയാണ് എന്റെ മതത്തിലും താടിയെന്ന് അവരെ ധരിപ്പിച്ചു. പക്ഷെ, ഇല്ലാത്ത നിയമത്തിന്റെ പേരില്‍ എനിക്ക് ഒരു മാസക്കാലം ക്ലാസില്‍ കയറാന്‍ സാധിച്ചില്ല.

ആംആദ്മി, കാമ്ബസ് ഫ്രണ്ട് സംഘടനകള്‍ മാത്രമായിരുന്നു എനിക്കു വേണ്ടി മാര്‍ച്ചും പ്രതിഷേധവും ഈ വിഷയത്തില്‍ സംഘടിപ്പിച്ചത്. എന്നെ പുറത്താക്കിയ തൊട്ടടുത്ത ദിവസം ഞാന്‍ ഡിപാര്‍്ട്ട്മെന്റ് ഹെഡിനെ പോയി കണ്ടെങ്കിലും വിട്ടുവീഴ്ചക്കു അവര്‍ തയ്യാറായില്ല. പിന്നീട് ഞാന്‍ യൂണിവേഴ്സിറ്റി ഡീന്‍, രജിസ്ട്രാര്‍, വൈസ് ചാന്‍സിലര്‍ എന്നിവര്‍ക്ക് റിക്വസ്റ്റ് രേഖാ മൂലം നല്‍കി. പിന്നീട് മീഡിയകളിലൂടെ ചില ഒറ്റപ്പെട്ട വാര്‍ത്തകള്‍ വന്നു തുടങ്ങി. ഇതിനു പിന്നാലെയായിരുന്നു ചില സംഘടനകളുടെ മാര്‍ച്ചുകള്‍. ഇതിനു പിന്നാലെ ക്ലാസില്‍ പ്രവേശിക്കുന്നതിന് വൈസ് ചാന്‍സിലര്‍ താല്‍ക്കാലിക ഉത്തരവിറക്കുകയായിരുന്നു.

പക്ഷെ, ഇപ്പോഴും ഇവിടെ ക്ലാസ് നടക്കാത്ത അവസ്ഥയാണ്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ സമരം നടക്കുകയാണ് താടി സംബന്ധമായി എല്ലാവര്‍ക്കും ഒരേ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട്കൊണ്ട്. സത്യത്തില്‍ ഇങ്ങനെയൊരു റൂള്‍ ഇല്ലായിരുന്നു. ഇതിനാല്‍ ഇവരുടെ സമരം അധികൃതര്‍ക്കെതിരെയാണ്. താടി വെക്കരുതെന്ന് നിയമാവലിയുണ്ടെന്നായിരുന്നു ആദ്യം അദ്ധ്യാപതര്‍ തന്നെ പറഞ്ഞിരുന്നത്. പിന്നീട് അവര്‍ പറഞ്ഞു പിന്തുടര്‍ന്നു വരുന്ന രീതിയാണെന്നായിരുന്നു. താടി പ്രശ്നം ഇപ്പോള്‍ നീണ്ടു പോകുകയാണ്. എന്നെ ഒരുപാട് വിദ്യാര്‍ത്ഥികള്‍ സപ്പോര്‍ട്ട് ചെയ്തിരുന്നു. ഞാന്‍ താടി വെയ്ക്കുന്നത് വ്യക്തിപരമായ കാര്യങ്ങളുടെ പേരിലാണെന്ന് ഞാന്‍ എഴുതി നല്‍കിയതാണ്. പക്ഷെ, ഇപ്പോള്‍ എല്ലാവര്‍ക്കും ഈ നിയമം വേണമെന്ന് പറഞ്ഞ് നടത്തുന്ന സമരത്തിന് പിന്നില്‍ ഏതെങ്കിലും താല്‍പര്യങ്ങളുണ്ടെന്ന് എനിക്കറിയില്ല. ഒരുപാട് കാലമായി ഇല്ലാത്ത നിയമത്തിന്റെ പേരില്‍ എല്ലാ വിദ്യാര്‍ത്ഥികളും ദുരിതം അനുഭവിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ സമരം നടക്കുന്നത്.

ഞാന്‍ താടി ഇതുവരേ താടി വടിച്ചിട്ടേയില്ല. ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ താടി വടിക്കല്‍ നിഷിദ്ധമായ കാര്യമാണ്. പ്രവാചകന്റെയും ഇസ്ലാമിന്റെയും ചര്യ പിന്‍തുടരുന്നതുകൊണ്ടാണ് ഞാന്‍ താടി വക്കുന്നത്. ഞാന്‍ നിലവില്‍ ഒരു മത സംഘടനയുടെയോ ആളല്ല. കായിക വിഷയത്തിലുള്ള താല്‍പര്യത്തിന്റെ പേരിലാണ് ഈ കോഴ്സ് പഠിക്കാന്‍ വന്നത്. താടി വച്ചതിന്റെ പേരില്‍ കഴിഞ്ഞ ഒരു മാസത്തിലികമായി ക്ലാസില്‍ കയറാന്‍ പറ്റാത്ത അവസ്ഥ എന്നെ ഒരുപാട് വേദനിപ്പിച്ചു.

No comments:

Post a Comment