Wednesday, 7 September 2016

ഘോഷയാത്രയും ആയുധ പരിശീലനവും നടത്തിയാല്‍ മറുപടിയാകുമോ?; വി.ഡി.സതീശന്‍



കോട്ടയം• പൂക്കളം, നിലവിളക്ക്, ഓണാഘോഷങ്ങള്‍, ദേവസ്വം തുടങ്ങിയ വിഷയങ്ങളില്‍ സിപിഎം നിലപാടു സംസ്ഥാനത്തു സാമുദായിക ധ്രുവീകരണമുണ്ടാക്കുമെന്നു കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍. സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അനവസരത്തിലുള്ള പ്രതികരണങ്ങള്‍ സംഘപരിവാറിനു ഗുണകരമാവും. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയും ആയുധ പരിശീലനവും നടത്തുന്ന ആര്‍എസ്‌എസ്സിനു മറുപടി കൊടുക്കുന്നതു ബദല്‍ ഘോഷയാത്രയും ആയുധ പരിശീലനവും നടത്തിയാണോയെന്നും സതീശന്‍ ചോദിക്കുന്നു.

ഫെയ്സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

പൂക്കളം, നിലവിളക്ക്, ഓണാഘോഷങ്ങള്‍,ദേവസ്വം തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും ,സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മറ്റു സി.പി.എം നേതാക്കളുടെയും പ്രതികരണങ്ങള്‍ സംസ്ഥാനത്തു സാമുദായിക ധ്രുവീകരണം ഉണ്ടാകുന്നതിനു സഹായകരമാവും.
ഇത്തരം വിഷയങ്ങളില്‍ അനവസരത്തിലുള്ള പ്രതികരണങ്ങള്‍ സംഘപരിവാറിന് ഗുണകരമാവും.ഹിന്ദുക്കള്‍ അപകടത്തിലാണെന്ന അവരുടെ വ്യാജമായ പ്രചരണങ്ങള്‍ക്ക് കുടപിടിച്ചു കൊടുക്കുന്ന ഇത്തരം നടപടികള്‍ സി.പി.എം അവസാനിപ്പിക്കണം. ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം ശ്രമങ്ങളുടെ പൊള്ളത്തരങ്ങള്‍ അവര്‍ തിരിച്ചറിയും.ഇതിന്റെ പ്രയോജനം അന്തിമമായി ലഭിക്കുന്നത് സംഘപരിവാറിനാണ്. മതേതര നിലപാട് സത്യസന്ധമാകണം. അത് കാപട്യങ്ങള്‍ നിറഞ്ഞതാകരുത് .

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയും,ആയുധ പരിശീലനവും നടത്തുന്ന RSS നു മറുപടി കൊടുക്കുന്നത് ബദല്‍ ഘോഷയാത്രയും ആയുധ പരിശീലനവും നടത്തിയാണോ? കേരളത്തിന്റെ മനസ്സ് മതേതരമാണ്.അതിനെ മലിനമാക്കാന്‍ ആര് ശ്രമിച്ചാലും ശക്തിയായി പ്രതിരോധിക്കണം.കേരളത്തില്‍ ഒരു സാമുദായിക ധ്രുവീകരണം നടത്തി രാഷ്ട്രീയലാഭം കൊയ്യാന്‍ സി.പി.എം ബുദ്ധിശാലകളില്‍ രൂപം കൊണ്ട ഈ ആശയത്തിന്റെ പുറകിലുള്ള കൗശലം ജനാധിപത്യവാദികളും കേരളത്തിലെ വിവിധ ജനവിഭാഗങ്ങളും തിരിച്ചറിയുക തന്നെ ചെയ്യും.

No comments:

Post a Comment