വിമാനയാത്രയേക്കാളും ചെലവ് കുറവ്; ഫ്ലെക്സി നിരക്കനെ പ്രതിരോധിച്ച് റെയില്‍വേ
ന്യൂഡല്‍ഹി • തിരക്കിനനുസരിച്ചു നിരക്കു വര്‍ധിപ്പിക്കുന്ന രീതി (ഫ്ലെക്സി നിരക്ക്) ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ നടപടിയെ പ്രതിരോധിച്ച് റെയില്‍വേ രംഗത്ത്. ഫ്ലെക്സി നിരക്കുകള്‍ നടപ്പാക്കിയെങ്കിലും ഇപ്പോഴും വിമാന, റോഡ് യാത്രകളേക്കാള്‍ ചെലവ് കുറവ് ട്രെയിന്‍ യാത്രയാണെന്ന് റെയില്‍വേ അധികൃതര്‍ വിശദീകരിച്ചു. മികച്ച പ്രതികരണമാണ് യാത്രക്കാരുടെ ഭാഗത്തു നിന്നു ലഭിക്കുന്നതെന്നും റെയില്‍വേ അവകാശപ്പെട്ടു. രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍ലാണ് തിരക്കിനനുസരിച്ചു നിരക്കു വര്‍ധിപ്പിക്കുന്ന രീതി റെയില്‍വേ നടപ്പാക്കിയത്.
ഫ്ലെക്സി നിരക്കുകള്‍ റെയില്‍വേയില്‍ പുതിയതല്ല. പ്രീമിയം ട്രെയിനുകളായ സുവിധ, ഗതിമാന്‍ എക്സ്പ്രസ് തുടങ്ങിയവയും ഫ്ലെക്സി നിരക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ബസിലും വിമാനത്തിലും യാത്ര ചെയ്യുന്നതിലും ചെലവ് കുറവാണ് ഇത്തരം ട്രെയിനില്‍ യാത്രചെയ്യുന്നതെന്നും റെയില്‍വേ ബോര്‍ഡ് മെമ്ബര്‍ (ട്രാഫിക്) മുഹമ്മദ് ജംഷാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനുള്ള വിശദീകരണത്തിനായി ഡല്‍ഹിയില്‍ നിന്നും വിവിധ മേഖലകളിലേക്ക് രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ ട്രെയിന്‍ പോകുന്നതിനുള്ള ചിലവും വിമാന, ബസ് നിരക്കുകളും അദ്ദേഹം വിശദീകരിച്ചു.
ഫ്ലെക്സി നിരക്ക് നടപ്പാക്കി രണ്ടു ദിവസത്തിനുള്ളില്‍ 160 ലക്ഷത്തിന്റെ അധിക വരുമാനമുണ്ടായി. ഈ സാമ്ബത്തിക വര്‍ഷം അധികവരുമാനം 500 കോടി രൂപയാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റെല്ലാ ട്രെയിനുകളിലേക്കും ഈ നടപടി കൊണ്ടുവരുമെന്ന വാര്‍ത്തകളെ അദ്ദേഹം തള്ളി.
ആവശ്യത്തിന് ആനുപാതികമായി ടിക്കറ്റ് നിരക്കു വര്‍ധിപ്പിക്കുന്ന പരിഷ്കാരം മൂന്നു മുന്‍നിര ട്രെയിനുകളില്‍ ഈ മാസം ഒന്‍പതിനാണ് നിലവില്‍വന്നത്. ഇതനുസരിച്ചു നിശ്ചിത ടിക്കറ്റുകള്‍ക്കു ശേഷമുള്ള ഓരോ 10% ടിക്കറ്റുകള്‍ക്കും 10% അധിക നിരക്കാണ് ഈടാക്കുക. ഫലത്തില്‍, വൈകിയെടുക്കുന്ന ടിക്കറ്റുകള്‍ക്കു 40% വരെ അധികനിരക്കു നല്‍കേണ്ടി വരും. എന്നാല്‍, ഫസ്റ്റ് എസി, എസി ചെയര്‍ കാര്‍ ടിക്കറ്റുകള്‍ക്ക് ഇതു ബാധകമല്ല. പ്രീമിയം ട്രെയിനുകളിലെ നിരക്ക് ഏറക്കുറെ വിമാന ടിക്കറ്റ് നിരക്കിനു തുല്യമായ സ്ഥിതിയാണ്.
No comments:
Post a Comment