Sunday, 11 September 2016

ഹീറ്റ്സില്‍ ഏറ്റവും പിറകിലോടിയ ഇന്ത്യന്‍ വനിതാ റിലേ ടീമിന് ഒരു പദ്ധതിയില്‍ നിന്നു മാത്രം മുടക്കിയത് 1.99 കോടി; ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു മുടക്കിയ 750 കോടിക്കുപിന്നാലെ ചെലവാക്കിയ 37 കോടിയുടെ കണക്കു പുറത്തുവന്നപ്പോള്‍ ഇന്ത്യ മെഡല്‍ വാങ്ങാത്തതിന്റെ കാരണം തേടിയവര്‍ക്ക് ഉത്തരമായി



117 പേര്‍ മത്സരരംഗത്തുണ്ടായിട്ടും റിയോ ഒളിമ്ബിക്സില്‍ ഇന്ത്യയുടെ നേട്ടം ഒരു വെള്ളിമെഡലും ഒരു വെങ്കലവും മാത്രമാണ്. ബാഡ്മിന്റണില്‍ പി.വി സിന്ധു നേടിയ വെള്ളിയും ഗുസ്തിയില് സാക്ഷി മാലിക് നേടിയ വെങ്കലവും. ഒളിമ്ബിക്സില്‍ പങ്കെടുക്കുന്നവര്‍ക്കായി രാജ്യം മുടക്കിയ കോടിക്കണക്കിന് രൂപയില്‍, മെഡല്‍ നേട്ടത്തില്‍ കലാശിച്ചത് വെറും 1.66 ശതമാനം മാത്രം!

36.85 കോടി രൂപയാണ് 117 ഒളിമ്ബ്യന്മാര്‍ക്കായി രാജ്യം ചെലവിട്ടത്. ഇതില്‍ സിന്ധുവിനും സാക്ഷിക്കുമായി ചെലവായത് നാമമാത്രമായ തുകയാണ്.
മറ്റു ചിലര്‍ക്കുവേണ്ടി മുടക്കിയ തുക ജലരേഖ പോലെ മാഞ്ഞുപോവുകയായിരുന്നു.

വനിതാ റിലേ ടീമിന്റെ പരിശീലനത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി മുടക്കിയത് 2.94 കോടി രൂപയാണ്. എന്നാല്‍ അവരുടെ നേട്ടമോ? ഹീറ്റ്സില്‍ ഏഴാം സ്ഥാനം. സെമിയിലേക്ക് യോഗ്യത നേടിയതുമില്ല. പുരുഷ ഡിസ്കസ് ത്രോയില്‍ മത്സരിച്ച വികാസ് ഗൗഡയ്ക്ക് നല്‍കിയത് 1.02 കോടി. എത്തിയതോ? 28-ാം സ്ഥാനത്തും!

കഴിഞ്ഞ മൂന്ന് ഒളിമ്ബിക്സുകളിലായി ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ നേട്ടം സമ്മാനിച്ച ഷൂട്ടിങ്ങിനുവേണ്ടിയാണ് പാതിയിലേറെ തുക ചെലവിട്ടത്. 15.39 കോടി രൂപ. പക്ഷേ, റിയോയില്‍ അതൊന്നും മെഡലിലേക്ക് എത്തിയില്ല. യാതൊരു മെഡല്‍ സാധ്യതയുമില്ലെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയിട്ടും അത്ലറ്റിക്സിനുവേണ്ടി വാരിയെറിഞ്ഞതും കോടികളാണ്. ഒളിമ്ബിക്സിന് യോഗ്യത നേടിയ 36 താരങ്ങളില്‍ 30 പേര്‍ക്കുവേണ്ടി 7.80 കോടി രൂപ മുടക്കി.

ഇന്ത്യക്ക് മെഡല്‍ നേടിത്തന്ന പി.വി സിന്ധുവിനും സാക്ഷി മാലിക്കിനുമായി ചെലവാക്കിയത് 61.13 ലക്ഷം രൂപയാണ്. എന്നാല്‍, പരിക്കുമൂലം കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന വികാസ് ഗൗഡ, സൈന നേവാള്‍, യോഗേശ്വര്‍ ദത്ത്‌എന്നിവര്‍ക്കായി 2.5 കോടി രൂപ ചെലവായി. ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട ഇന്ദര്‍ജീത് സിങ്ങിനും നര്‍സിങ് യാദവിനുമായി പാഴാക്കിയത് 90.49 ലക്ഷവും.

ടാര്‍ജറ്റ് ഒളിമ്ബിക് പോഡിയം സ്കീം(ടോപ്സ്) അനുസരിച്ചാണ് താരങ്ങള്‍ക്കുവേണ്ടി തുക ചെലവിട്ടത്. 2015 മാര്‍ച്ചില്‍ നിലവില്‍ വന്ന ഈ പ്ദ്ധതി അനുസരിച്ചാണ് ഒളിമ്ബ്യന്മാര്‍ക്ക് തുക അനുവദിക്കുക. സ്വകാര്യ പരിശീലകരുടെ ഫീസടക്കമുള്ള കാര്യങ്ങള്‍ക്ക് ഈ സ്കീമില്‍നിനിന്ന് പണം ലഭിക്കും. യാത്ര, വിദേശത്ത് പരിശീലനം എന്നിവയ്ക്കും സഹായം ലഭിക്കും.

2012 മുതല്‍ 2015 ഡിസംബര്‍വരെ കേന്ദ്രം കായികരംഗത്ത് ചെലവിട്ടത് 750 കോടി രൂപയാണെന്ന് മുന്‍ കായിക മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഒരിക്കല്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങള്‍ക്കുവേണ്ടി മുടക്കിയ തുകയും 67 സ്പോര്‍്ട്സ് ഫെഡറേഷനുകള്‍ക്ക് ഗ്രാന്റിനത്തിലും അല്ലാതെയും നല്‍കിയ തുകയും അടക്കമാണിത്.

No comments:

Post a Comment