അറാഫ സംഗമത്തിന് എത്തിച്ചേര്‍ന്നത് ലോകത്തിന്റെ സര്‍വ്വകോണില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍; ജംറയിലെറിയാനുള്ള കല്ലുമായി ഇന്ന് ഹാജിമാര്‍ മിനായിലേക്ക്; പ്രത്യേക ഡ്രാണുകള്‍ അയച്ച് സുരക്ഷ ഉറപ്പുവരുത്തി സൗദി; ബക്രീദ് ആഘോഷിച്ച് ലോക മുസ്ലീങ്ങള്‍
അറഫ: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണയില്‍ വിശ്വാസിലോകം ഇന്ന് ഈദുല്‍ അദ്ഹ (ബലിപ്പെരുന്നാള്‍) ആഘോഷിക്കുന്നു. പ്രവാചകന്‍ ഇബ്രാഹീമിന്റെ ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ ഓര്‍മയില്‍ 'അല്ലാഹു അക്ബര്‍' (ദൈവം ഏറ്റവും വലിയവന്‍) വിളികളുമായി വിശ്വാസികള്‍ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും എത്തി. വിശ്വാസനിറവില്‍ ജനലക്ഷങ്ങള്‍ മക്കയില്‍ ഹജ്ജിന്റെ നിര്‍വൃതിയിലായിരിക്കും. പ്രവാചകന്മാരുടെ പാത പിന്തുടര്‍ന്ന് ജീവിതം ലോകത്തിനായി സമര്‍പ്പിക്കുകയെന്ന സന്ദേശവുമായാണ് ഓരോ ബലിപ്പെരുന്നാളും എത്തുന്നത്.
പരിശുദ്ധഹജജിന്റെ ആത്മാവായ അറഫാ സംഗമത്തില്‍ ഒരുമിച്ചത് ഭൂമിയുടെ സര്‍വകോണുകളില്‍ നിന്നുമെത്തിയ ലക്ഷങ്ങള്‍. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് മുഹമ്മദ് നബിയും അനുയായികളും നിന്ന ചരിത്രമുറങ്ങുന്ന അറഫ മൈതാനിയില്‍ 19 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെ നിന്നു. കറുത്തവനും വെളുത്തവനുമൊക്കെ ഒന്നായിമാറി ചുണ്ടില്‍ ഒരേ മന്ത്രവുമായി ഒരു പകല്‍ മുഴുവന്‍ പുരുഷാരത്തിന്റെ നില്‍പ് സമാനതകളില്ലാത്ത കാഴ്ചാനുഭവമായി. ഇത്തവണ പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ദുരന്തം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക ആളില്ലാ വിമാനങ്ങളുപയോഗിച്ചും നിരീക്ഷണം നടത്തി.
ശനിയാഴ്ച രാത്രിമുതല്‍ ഹാജിമാര്‍ മിനായിലെ തമ്ബുകളില്‍നിന്ന് അറഫയെ ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങിയിരുന്നു. 164 രാജ്യങ്ങളില്‍നിന്നായി ഒഴുകിയെത്തിയ തീര്‍ത്ഥാടകലക്ഷങ്ങള്‍ വലുപ്പചെറുപ്പഭേദമേതുമില്ലാതെ തോളോടുതോളുരുമ്മിനിന്നാണ് മനമുരുകി പ്രാര്‍ത്ഥിച്ചത്. അറഫാ സംഗമത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകമെമ്ബാടുമുള്ള മുസ്ലിംകള്‍ ഞായറാഴ്ച വ്രതമനുഷ്ഠിച്ചു. ഞായറാഴ്ച മസ്ജിദ് നമിറയില്‍ നടന്ന നമസ്കാരത്തിനും ഖുത്തുബയ്ക്കുംശേഷം താത്കാലികമായുയര്‍ത്തിയ തമ്ബുകളിലും പ്രവാചകന്റെ പാത പിന്തുടര്‍ന്ന് കാരുണ്യത്തിന്റെ മലയായ ജബലുറഹ്മയുടെ താഴ്വരയിലും നിന്നുകൊണ്ടായിരുന്നു ഹാജിമാരുടെ പ്രാര്‍ത്ഥന.
ളുഹറും അസറും നമസ്കരിച്ച ശേഷം ഇരുകൈകളും മേലേക്കുയര്‍ത്തി ഹൃദയനൊമ്ബരങ്ങളും സങ്കടങ്ങളും സമര്‍പ്പിച്ചും പാപങ്ങള്‍ ഏറ്റുപറഞ്ഞും കണ്ണീര്‍വാര്‍ത്തുകൊണ്ടായിരുന്നു പ്രാര്‍ത്ഥന. മലയാളിക്യാമ്ബുകളില്‍ കേരളത്തില്‍നിന്നുമെത്തിയ പണ്ഡിതരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയുണ്ടായിരുന്നു. സൂര്യാസ്തമയശേഷം അറഫയില്‍നിന്ന് ഹാജിമാര്‍ മുസ്ദലിഫയിലേക്ക് പുറപ്പെട്ടു. മുസ്ദലിഫയില്‍ രാപാര്‍ത്ത് ജംറയിലെറിയാനുള്ള കല്ലുമായി ബക്രീദ് ദിനമായ തിങ്കളാഴ്ച പ്രഭാതത്തില്‍ ഹാജിമാര്‍ മിനായില്‍ തിരിച്ചെത്തും.
ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള കണക്കനുസരിച്ച് 16,89,807 വിദേശ തീര്‍ത്ഥാടകരുള്‍പ്പെടെ 18,55,406 പേരാണ് ഹജ്ജിനത്തെിയത്. ഇതില്‍ 7,78,708 പേര്‍ വനിതകളാണ്. ളുഹ്ര് നമസ്കാരത്തിന് മുമ്ബായി പ്രവാചകന്‍ ഹജ്ജ് വേളയില്‍ അറഫയില്‍ നടത്തിയ വിശ്വപ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഓര്‍മപുതുക്കി ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുര്‍റഹ്മാന്‍ അസ്സുദൈസ് തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തു. യുവാക്കള്‍ ഇസ്ലാമിന്റെ ശരിയായ അദ്ധ്യാപനം ഉള്‍ക്കൊള്ളാന്‍ മുന്നോട്ടുവരണമെന്നും ഭീകരവാദത്തിലേക്കു സമൂഹം വഴിതെറ്റാതെ സൂക്ഷിക്കാന്‍ പണ്ഡിതന്മാര്‍ ബദ്ധശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്മാഈലിനെ ബലികൊടുക്കാന്‍ തയ്യാറായതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപ്പെരുന്നാള്‍.
No comments:
Post a Comment