Wednesday, 7 September 2016

റബ്ബര്‍ വാങ്ങാന്‍ കച്ചവടക്കാരില്ല; വാങ്ങുന്നവര്‍ക്ക് 120 രൂപ പോലും നല്‍കാന്‍ മടി; മധ്യ തിരുവിതാകൂര്‍ കടുത്ത ദാരിദ്രത്തിലേക്ക്



തൊടുപുഴ: റബ്ബര്‍ വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. ബുധനാഴ്ച ആര്‍.എസ്.എസ്.നാല് ഇനം റബ്ബറിന് വില 123രൂപയായി കുറഞ്ഞു. ബുധനാഴ്ച രണ്ടുരൂപയാണ് കുറഞ്ഞത്. എന്നാല്‍ വിപണിയില്‍നിന്ന് നാമമാത്രമായെങ്കിലും വാങ്ങിയ കമ്ബനികള്‍ 120 രൂപയേ കിലോയ്ക്ക് നല്‍കാന്‍ തയ്യാറായുള്ളൂ. വന്‍കിട ടയര്‍ കമ്ബനികള്‍ വിപണിയില്‍നിന്ന് മാറിനിന്നതാണ് ഇതിന് കാരണം. ഇതോടെ മധ്യതിരുവിതാക്കൂറിലെ ഓണക്കാലം ദുരിതത്തിലായി.

ഒറ്റമാസത്തിനിടയില്‍ 22രൂപയാണ് റബ്ബറിന് കുറഞ്ഞിരിക്കുന്നത്.
റബ്ബര്‍ബോര്‍ഡ് പ്രഖ്യാപിക്കുന്ന വില കടയില്‍ കര്‍ഷകന് കിട്ടില്ല. 120ലും താഴെയാണ് കച്ചവടക്കാര്‍ പറയുന്നത്. മഴ മാറി വെയില്‍ തെളിഞ്ഞതോടെ ടാപ്പിങ് കൂടുകയും റബ്ബര്‍ വിപണിയിലേക്ക് കാര്യമായി എത്തിത്തുടങ്ങുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഘടിതമായി വിലയിടിക്കാന്‍ നീക്കം തുടങ്ങിയത്. റബ്ബറിന്റെ അന്താരാഷ്ട്ര വില കുറഞ്ഞു നില്‍ക്കുന്നതിനാല്‍ കമ്ബനികള്‍ക്ക് യഥേഷ്ടം ഇറക്കുമതിക്കു സാധിക്കും. അതിനാലാണ് അവര്‍ വിപണിയില്‍നിന്നു മാറിനിന്ന് ഇവിടുത്തെ വില പരമാവധി കുറയ്ക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ മാസം അന്താരാഷ്ട്രവില കൂടിനിന്നപ്പോഴും ഇവിടെ വില കുറയുകയാണ് ചെയ്തത്.

പ്രമുഖ ടയര്‍ കമ്ബനി നാലഞ്ചു ദിവസമായി ആഭ്യന്തര വിപണിയില്‍നിന്ന് റബ്ബര്‍ വാങ്ങുന്നേയില്ല. മറ്റു കമ്ബനികളും നാമമാത്രമായേ വാങ്ങിയുള്ളൂ. ഇവരാണ് കിലോയ്ക്ക് 120രൂപ മാത്രം നല്‍കാന്‍ തയ്യാറായത്. സോഫ്റ്റ്വെയര്‍ പരിഷ്കരിക്കുന്നതിനാല്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ വന്നശേഷം കിട്ടിത്തുടങ്ങിയിട്ടില്ല. വിപണി വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വില താഴേക്കു പോകുന്നത് സര്‍ക്കാരിനും ബാധ്യത കൂട്ടും.

No comments:

Post a Comment