Thursday, 8 September 2016

സിനിമയിലെ സ്വപ്നം ജീവിതത്തില്‍ സാക്ഷാത്കരിച്ച്‌ '1983യിലെ കണ്ണന്‍'



കൊച്ചി • മുന്നില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഭഗത്തിന് വിശ്വസിക്കാന്‍ സാധിക്കുന്നതിനുമപ്പുറമായിരുന്നു അത്. വെറുതെ കാണുക മാത്രമല്ല കൂടെ നിന്നു ചിത്രമെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും സാധിച്ചതോടെ സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവിലെത്തിയിരുന്നു 1983യിലെ കണ്ണന്‍. 1983യില്‍ അണ്ടര്‍ 14 ജില്ലാ ക്രിക്കറ്റ് ടീമില്‍ ഇടം നേടി വലിയൊരു ലക്ഷ്യത്തിലേക്കു നടന്നു തുടങ്ങിയ 'കണ്ണന്റെ' എക്കാലത്തേയും വലിയ ആഗ്രഹമായിരുന്നു സച്ചിനെന്ന ആ ഇതിഹാസ താരത്തെ നേരില്‍ കാണുകയെന്നത്.

ഐഎസ്‌എല്‍ പുതിയ സീസണ്‍ ടീം അവതരണത്തിനായി കൊച്ചിയിലെത്തിയ സച്ചിനെ നേരില്‍കാണാനുള്ള വഴിയൊരുക്കിയത് 1983യിലെ നായകന്‍ നിവിന്‍ പോളി. ടീം അവതരണ വേദിയില്‍ വലിയൊരു പ്രഖ്യാപനത്തിനു സാധ്യതയുണ്ടെന്നും സച്ചിനെ കാണാന്‍ ശ്രമിക്കാമെന്നും നിവിന്‍ അറിയിച്ചതോടെ ഭഗത്തും അച്ഛനും 1983യുടെ സംവിധായകനായ എബ്രിഡ് ഷൈനും കൂടി പരിപാടി നടക്കുന്ന ലുലു മാരിയറ്റ് ഹോട്ടലില്‍ എത്തുകയായിരുന്നു.
സച്ചിനെ കാണാന്‍ സാധിക്കുമോയെന്ന് ഉറപ്പില്ലാത്തതിനാല്‍ വേറെ ആരേയും അറിയിക്കാതെയാണ് ഇവരെത്തിയത്. ടീം അവതരണത്തിനു ശേഷം എത്തിയ സച്ചിന്റെ അടുത്തേക്ക് എബ്രിഡിനേയും ഭഗത്തിനേയും നിവിന്‍ പോളി കൂട്ടിക്കൊണ്ടു വരികയായിരുന്നു. സച്ചിനെ കണ്ട ഉടന്‍ ഭഗത് കാല്‍തൊട്ടു തൊഴുകയും ഷേക്ക് ഹാന്‍ഡ് ചെയ്യുകയും ചെയ്തു. അപ്പോള്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചെങ്കിലും എബ്രിഡിന് നല്ല ചിത്രം ലഭിച്ചില്ല. ഇനി ചിത്രം ലഭിക്കില്ലല്ലോ എന്ന സങ്കടത്തില്‍ നിവിന്റെ മുറിയിലേക്ക് മടങ്ങി.

എന്നാല്‍ വേഗം വരൂ സച്ചിനെ കാണാമെന്നു പറഞ്ഞ് നിവിന്‍ പോളി വീണ്ടും എബ്രിഡിനേയും ഭഗത്തിനേയും വിളിച്ചു. അവര്‍ ചെന്നപ്പോള്‍ സച്ചിന്‍ ലിഫ്റ്റില്‍ കയറാന്‍ നില്‍ക്കുകയായിരുന്നു. സെക്യൂരിറ്റിക്കാര്‍ തടഞ്ഞെങ്കിലും സച്ചിന്‍ അടുത്തേക്കു വിളിക്കുകയായിരുന്നു. ലിഫ്റ്റില്‍ ഒരുമിച്ചു നിന്നു സംസാരിക്കാനും സാധിച്ചു. പെട്ടെന്നു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ എങ്ങനെയെന്നറിയില്ല, ഫോണ്‍ ഹാങ്ങായെന്ന് എബ്രിഡ് ഷൈന്‍ പറയുന്നു. അതു ശരിയാക്കാനുള്ള മൂന്നു നാലു മിനിറ്റ് സച്ചിന്‍ ക്ഷമയോടെ കാത്തു നിന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു അതെന്ന് എബ്രിഡും ഭഗത്തും പറയുന്നു. ദൂരെ നിന്നു തന്നെ സച്ചിനെ കാണുന്നതു ഭാഗ്യമായി കരുതുന്ന സമയത്താണു ഇത്രയടുത്ത് സച്ചിനെ കാണാനും സംസാരിക്കാനും സാധിച്ചതെന്നും എബ്രിഡ് പറഞ്ഞു.

സുനില്‍ ഗാവസ്കറില്‍ തുടങ്ങിയ ക്രിക്കറ്റ് ആരാധനയാണു സച്ചിന്‍ തെന്‍ഡുല്‍ക്കറിലേക്കെത്തിയതെന്നു എബ്രിഡ് ഷൈന്‍ പറയുന്നു. 1985ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ബോളിങ് താരങ്ങള്‍ക്കെതിരെ ഒരു ബാറ്റ്സ്മാന്‍ അക്ഷോഭ്യനായി നിലയുറപ്പിക്കുന്നതു കണ്ടാണ് ഗാവസ്കറെ സ്നേഹിച്ചു തുടങ്ങിയത്. എന്നാല്‍ 1987ലെ ലോകകപ്പിനു ശേഷം ഗാവസ്കര്‍ വിരമിച്ചപ്പോള്‍ ഞെട്ടിപ്പോയി. അപ്പോഴാണ് ഗാവസ്കറിനു പകരക്കാരനായി ഒരു താരം ഉദയം ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ വരുന്നത്. പിന്നീട് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന ആ താരമായിരുന്നു ക്രിക്കറ്റ്.

1989കളില്‍ അബ്ദുല്‍ ഖാദറിന്റെ ഒരോവറില്‍ മൂന്നു സിക്സുകള്‍ തൂക്കുന്ന സച്ചിന്റെ കാഴ്ചകള്‍ ഇപ്പോഴും മനസിലുണ്ട്. പിന്നീട് സച്ചിന്റെ ക്രിക്കറ്റ് ജീവിതം ഒരു ക്രോണോളജിക്കല്‍ ഓര്‍ഡറില്‍ പിന്തുടര്‍ന്നിരുന്നു. 1983 പുറത്തിറങ്ങിയ ശേഷം സച്ചിനെ കാണാന്‍ ശ്രമിച്ചിരുന്നു. അന്നതു സാധ്യമായില്ല. പിന്നീട് സച്ചിന്‍ കൊച്ചിയിലെത്തിയ സമയത്തൊന്നും കാണാന്‍ സാധിച്ചിരുന്നില്ലെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു. 1983 സിനിമയെക്കുറിച്ചു സച്ചിന്‍ കേട്ടിട്ടുണ്ടെന്നും അതു കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു.

No comments:

Post a Comment