Friday, 9 September 2016

208 മില്യന്‍ ഡോളറിന്റെ എംബ്രെയര്‍ വിമാന ഇടപാടിലും അഴിമതി; ബ്രസീലും അമെരിക്കയും അന്വേഷണം ആരംഭിച്ചു



ന്യൂഡല്‍ഹി/സാവോ പോളോ: വിവിഐപി ഹെലികോപ്റ്റര്‍ അഴിമതിക്ക് ശേഷം പ്രതിരോധ വകുപ്പിലെ മറ്റൊരു അഴിമതിക്കഥ കൂടി പുറത്തുവരുന്നു. ബ്രസീലിയന്‍ നിര്‍മ്മാണ കമ്ബനിയായ എംബ്രെയറില്‍ നിന്ന് വിവിധ കരാറുകളുമായി ബന്ധപ്പെട്ട് കൈക്കൂലി കൈപ്പറ്റിയെന്നാണ് ആരോപണം. ബ്രസീലിയന്‍ അഭിഭാഷകരും യുഎസ് നീതി വകുപ്പും എംബ്രെയര്‍ കമ്ബനിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2008ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് സംഭവം നടക്കുന്നത്. മൂന്ന് ഇഎംബി 145 ജെറ്റുകള്‍ക്് വേണ്ടി യുപിഎ സര്‍ക്കാരുമായി 208 ഡോളര്‍ മില്യണ്‍ കരാറിനായി കൈക്കൂലി കൈപ്പറ്റിയെന്നാണ് ആരോപണം. ബ്രിട്ടീഷ് വംശജനായ ആയുധ ഇടനിലക്കാരനായിരുന്നു ഇതിലെ മധ്യസ്ഥനായി പ്രവര്‍ത്തിച്ചത്.
എന്നാല്‍ ഇന്ത്യന്‍ പ്രതിരോധ നിര്‍വഹണ വ്യവസ്ഥയനുസരിച്ച്‌ ഇടനിലക്കാര്‍ക്കും അനധികൃത ഏജന്റുമാര്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളതാണ്. ഈ കരാറില്‍ ഉള്‍പ്പെട്ട മൂന്ന് വിമാനങ്ങലും ബ്രസീല്‍ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ആകാശ മുന്നറിയിപ്പ് സംവിധാനം നല്‍കുന്ന റഡാറുകള്‍ ഘടിപ്പിച്ച്‌ വിമാനത്തില്‍ മോഡിഫിക്കേഷന്‍ വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഡി.ആര്‍.ഡി.ഒയില്‍ പുരോഗമിക്കുകയാണ്. ഇവ വരുന്ന ഡിസംബറില്‍ വായുസേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. 
'ഇതിന് പിന്നില്‍ ഇങ്ങനെയൊരു അഴിമതി നടന്നതിനെ കുറിച്ച്‌ അറിവുണ്ടായിരുന്നില്ലെന്നാണ് ഡിആര്‍ഡിഒ പറയുന്നത്', പ്രതിരോധമന്ത്രാലയം വക്താവ് വെള്ളിയാഴ്ച പറഞ്ഞു. ടെലഫോണിലൂടെയോ മെസേജുകളിലൂടെയോ പോലും പ്രതികരിക്കാന്‍ ഡിആര്‍ഡിഒ മേധാവി എസ്.ക്രിസ്റ്റഫര്‍ തയ്യാറായിട്ടില്ല.
2008ല്‍ നടന്ന അഴിമതി അമേരിക്കന്‍ അന്വേഷണ ഏജന്‍സികളാണ് പുറത്ത് കൊണ്ട് വന്നതെന്ന് ബ്രസീലിയന്‍ പത്രമായ ഫോല ഡീ സാവോ പോളോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെക്കാലമായി ബ്രസീലിയന്‍ കമ്ബനിയുടെ ഇടപാടുകള്‍ നിരീക്ഷിച്ച അന്വേഷണ ഏജന്‍സികള്‍ ഡൊമിനിക് റിപ്പബ്ലിക്കുമായി കമ്ബനി നടത്തിയ ആയുധക്കരാറില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മറ്റ് അഴിമതികളും പുറത്ത് വന്നത്. പിന്നീട് അന്വേഷണം ഇന്ത്യയിലേക്കും സൗദി അറേബ്യയിലേക്കും വ്യാപിപ്പിക്കുകകയായിരുന്നു. ഇന്ത്യയുമായി നടന്ന ആയുധക്കരാറില്‍ ഇടനിലക്കാരായി ചിലര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കമ്ബനി അധികൃതര്‍ അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തിയതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇന്ത്യയില്‍ ആയുധക്കരാറിന് ഇടനിലക്കാരെ ഉള്‍പ്പെടുത്തുന്നത് നിരോധിച്ചിട്ടുള്ളതിനാല്‍ ബ്രിട്ടനില്‍ നിന്നും ഇടനിലക്കാരനെ കമ്ബനി ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഈ കരാറില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളുടെ വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും വിവരമുണ്ട്. പക്ഷേ ഈ വാര്‍ത്തകളെപ്പറ്റി കമ്ബനി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുമായുള്ള കരാറില്‍ അഴിമതി ആരോപണത്തെപ്പറ്റി കമ്ബനി തലത്തില്‍ അന്വേഷണം നടത്തുകയാണെന്ന് ചില ഉദ്യോഗസ്ഥര്‍ സമ്മതിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഡൊമിനിക്ക് റിപ്പബ്ലിക്കുമായി കമ്ബനി നടത്തിയ വിമാനക്കരാറില്‍ അഴിമതി കണ്ടത്തിയതിനെ തുടര്‍ന്ന് മുന്‍ പ്രതിരോധ മന്ത്രിയും മൂന്ന് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. കമ്ബനിയില്‍ 30 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥന്‍ അഴിമതി സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബ്രസീലിയന്‍ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂട്ടേഴ്സ് ഓഫീസില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്ത് വരുന്നത്.

No comments:

Post a Comment