ട്വിറ്ററില്‍ ചോര്‍ന്നു; പുറകെ പുത്തന്‍ ഫീച്ചറുകളുമായി ഐഫോണ്‍ 7, 7 പ്ലസ്, ആപ്പിള്‍ വാച്ച് എസ് 2
സാന്‍ഫ്രാന്‍സിസ്കോ• ഐഫോണ്‍ 7 ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് ട്വിറ്ററില്‍ ചോര്‍ന്നു. ഐഫോണ്‍ 7ന്റെ വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറും പുതിയ 'ജെറ്റ് ബ്ലാക്ക്' നിറവും ഉള്‍പ്പെടെ വ്യക്തമാക്കിയായിരുന്നു ട്വീറ്റ്. തൊട്ടുപുറകെ ട്വീറ്റ് പിന്‍വലിച്ചെങ്കിലും ഒട്ടേറെ പേരിലേക്ക് റീട്വീറ്റുകളായി ഐഫോണ്‍7ന്റെ 'സസ്പെന്‍സ്' അപ്പോഴേക്കും എത്തിയിരുന്നു.
പിന്നാലെ, സാന്‍ഫ്രാന്‍സിസ്കോയിലെ ബില്‍ ഗ്രഹാം സിവിക് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി ആപ്പിള്‍ ഐഫോണ്‍ 7, 7 പ്ലസ്, സ്മാര്‍ട് വാച്ച് സീരീസ് 2 എന്നിവ പുറത്തിറക്കി.
ഇയര്‍ഫോണ്‍ ജാക്കില്ലാതെയാണ് ഐഫോണ്‍ 7ന്റെ വരവ്.
പകരം ലൈറ്റ്നിങ് കണക്ടര്‍ ഉപയോഗിക്കാം. പക്ഷേ ലൈറ്റ്നിങ് പോര്‍ട്ടില്‍ കണക്‌ട് ചെയ്യാവുന്ന ഡോംഗിള്‍ വഴി 3.5 എംഎം ഹെഡ്ഫോണുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. എയര്‍പോഡ് എന്ന പേരില്‍ വയര്‍ലസ് ഇയര്‍ഫോണുകളും പുറത്തിറക്കിയിട്ടുണ്ട്. ഇത് ആപ്പിള്‍ വാച്ചുമായും കണക്‌ട് ചെയ്യാം.
മൊബൈലിന്റെ സ്റ്റോറേജ് കപ്പാസിറ്റിയും കൂട്ടി; 32 ജിബിയില്‍ തുടങ്ങുന്നു. പുത്തന്‍ ഡിസൈനിനൊപ്പം ഇനി ജെറ്റ് ബ്ലാക് ഉള്‍പ്പെടെയുള്ള നിറങ്ങളിലും ഐഫോണ്‍ ലഭ്യമാകും. ഐഫോണ്‍ സീരീസിലെ ആദ്യ വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്റ് ഫോണ്‍ കൂടിയാണിത്. കൂടുതല്‍ ഫീച്ചറുകളും ക്യാമറയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐഫോണ്‍ 7 പ്ലസില്‍ പിന്‍ക്യാമറ ഡ്യുവല്‍ ആയിരിക്കും. 12 എംപി ക്യാമറകളാണ്. സൂമിങ് ഉള്‍പ്പെടെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതാണ് ഈ ഫീച്ചര്‍. മുന്‍ക്യാമറ 7എംപിയാണ്.
ഐഒഎസ് 10 എന്ന 'മോസ്റ്റ് അഡ്വാന്‍സ്ഡ് ഓപറേറ്റിങ് സിസ്റ്റത്തിന്' അത്രയും തന്നെ മികച്ച ഫോണ്‍ വേണമെന്ന മുഖവുരയോടെയായിരുന്നു ഐഫോണിന്റെ പ്രഖ്യാപനം. സ്വിം പ്രൂഫ് ആണ് ആപ്പിളിന്റെ പുതിയ സ്മാര്‍ട് വാച്ച് എസ് 2. ബില്‍റ്റ് ഇന്‍ ജിപിഎസുമുണ്ട്. നൈക്കിയുമായി ചേര്‍ന്ന് ആപ്പിള്‍ വാച്ച് നൈക്കി പ്ലസും പുറത്തിറക്കി.
പുതിയ വാച്ചില്‍ പോക്കിമോന്‍ ഗോയും കൂടാതെ ആപ്പിള്‍ സ്റ്റോറില്‍ മാരിയോ ഗെയിമും പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോണ്‍ 7 പ്രീ ഓര്‍ഡര്‍ ഒന്‍പതിന് ആരംഭിക്കും. 16ന് യുഎസ് വിപണിയിലെത്തും. ഒക്ടോബര്‍ അവസാനത്തോടെ ഇന്ത്യയിലും.
No comments:
Post a Comment