വിജയത്തേരില്‍ ബ്രസീല്‍, ഉറുഗ്വായ്; സമനില വഴങ്ങി അര്‍ജന്റീന, ചിലെ
മനൗസ് (ബ്രസീല്‍) • തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് യോഗ്യതാ മല്‍സരത്തിലും ബ്രസീല്‍ ജയിച്ചു കയറിയപ്പോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയേക്കൂടാതെയിറങ്ങിയ ബദ്ധവൈരികളായ അര്‍ജന്റീന വെനസ്വേലയോട് സമനിലയുമായി രക്ഷപ്പെട്ടു. അതേസമയം, കോപ്പ അമേരിക്ക ചാംപ്യന്‍മാരായ ചിലെ സ്വന്തം നാട്ടില്‍ ബൊളീവിയയോട് ഗോള്‍രഹിത സമനില വഴങ്ങി. കഴിഞ്ഞ മല്‍സരത്തില്‍ ചിലെ പാരഗ്വായോട് തോറ്റിരുന്നു. എഡിസന്‍ കവാനി ഇരട്ടഗോള്‍ (18, 54) നേടിയ മല്‍സരത്തില്‍ ഉറുഗ്വായ് പാരഗ്വായെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തു. ക്രിസ്റ്റ്യന്‍ റോഡ്രിഗസ് (42), ലൂയി സ്വാരസ് (45) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.
സൂപ്പര്‍ താരം നെയ്മര്‍ ഒരിക്കല്‍ക്കൂടി മഞ്ഞപ്പടയുടെ രക്ഷകനായ മല്‍സരത്തില്‍ കൊളംബിയയ്ക്കെതിരെ 2-1നായിരുന്നു ബ്രസീലിന്റെ ജയം.
മിറാന്‍ഡ (2), നെയ്മര്‍ (74) എന്നിവരായിരുന്നു ബ്രസീലിന്റെ സ്കോറര്‍മാര്‍. ബ്രസീലിന്റെ തന്നെ മാര്‍ക്വീഞ്ഞോ 36-ാം മിനിറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് കൊളംബിയയെ അക്കൗണ്ട് തുറക്കാന്‍ സഹായിച്ചത്. സമനിലയിലേക്കെന്നു കരുതിയ മല്‍സരത്തില്‍ 74-ാം മിനിറ്റിലെ സൂപ്പര്‍ ഗോളിലൂടെ നെയ്മറാണ് മഞ്ഞപ്പടയ്ക്ക് വിജയം സമ്മാനിച്ചത്.
അതേസമയം, മെസ്സിയില്ലാത്ത അര്‍ജന്റീനയെന്ത് എന്ന് വെളിവാക്കുന്ന മല്‍സരമായിരുന്നു വെനസ്വേലയ്ക്കെതിരെ. ആദ്യ പകുതിയില്‍ യുവാന്‍ പാബ്ലോ അനാര്‍ നേടിയ ഗോളിന് മുന്നിലായിരുന്ന വെനസ്വേല, 53-ാം മിനിറ്റില്‍ ജോസഫ് മാര്‍ട്ടിനേസിലൂടെ ലീഡ് വര്‍ധിപ്പിച്ചു. എന്നാല്‍, 58-ാം മിനിറ്റില്‍ ലൂക്കാസ് പ്രാറ്റോയിലൂടെ ആദ്യ ഗോള്‍ മടക്കിയ അര്‍ജന്റീന, കളി തീരാന്‍ ഏഴു മിനിറ്റ് ബാക്കിനില്‍ക്കെ നിക്കോളാസ് ഒട്ടാമെന്‍ഡിയിലൂടെ സമനിലഗോളും ഒരു പോയിന്റും സ്വന്തമാക്കി.
No comments:
Post a Comment