കേരളം വൈദ്യുതിക്ഷാമത്തിലേക്ക്
ആലപ്പുഴ • മഴക്കുറവിലും തര്‍ക്കമഴയിലും തട്ടി വൈദ്യുതി മുടക്കം, സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുന്നു. വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനു വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റ് കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേര്‍ന്നു. വൈദ്യുതി ബോര്‍ഡും വൈദ്യുതി റഗുലേറ്ററി കമ്മിഷനും തമ്മിലുള്ള ശീതസമരവും ഈ വര്‍ഷം ലഭിച്ച മഴയിലെ കുറവുമാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കു കാരണം.
ദിവസം ഏകദേശം 2700 മെഗാവാട്ട് വൈദ്യുതി ആവശ്യമുള്ള സംസ്ഥാനത്ത് ഇപ്പോള്‍ 1469 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. ഇതില്‍ 350 മെഗാവാട്ട് മഴക്കുറവു മൂലവും 1119 മെഗാവാട്ട് വൈദ്യുതി ബോര്‍ഡും റഗുലേറ്ററി കമ്മിഷനും തമ്മിലുള്ള തര്‍ക്കത്തിലുമാണ് നഷ്ടപ്പെടുന്നത്.
മഴയിലെ കുറവു മൂലം ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള ഉല്‍പാദന നഷ്ടം പരിഹരിക്കുന്നതിനു പുറത്തുനിന്നു വൈദ്യുതി കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ നിലപാടുമൂലം തിരിച്ചടിയേറ്റത്. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ റഗുലേറ്ററി കമ്മിഷന്റെ ഉത്തരവിനെ ചോദ്യം ചെയ്തു കോടതിയെ സമീപിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് മാനേജ്മെന്റ് തീരുമാനിച്ചു.
ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ഈ വര്‍ഷം ഗുരുതരമായ വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരുമെന്നു ബോര്‍ഡ് മാനേജ്മെന്റ് യോഗം സര്‍ക്കാരിനെ അറിയിച്ചു. ഗാര്‍ഹിക മേഖലയില്‍ ലോഡ് ഷെഡ്ഡിങ്ങും വ്യവസായ മേഖലയില്‍ പവര്‍കട്ടും അടക്കമുള്ള കടുത്ത നടപടികള്‍ എടുക്കേണ്ടിവരുമെന്നും വൈദ്യുതി ബോര്‍ഡ് യോഗം അറിയിച്ചിട്ടുണ്ട്.
ഈ വര്‍ഷം മഴ 30% കുറഞ്ഞതായാണ് കണക്ക്. ഇതു മൂലം 350 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം കുറയും. അടുത്ത 25 വര്‍ഷത്തേക്കു പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനുള്ള 865 മെഗാവാട്ടിന്റെ ദീര്‍ഘകാല കരാറിലെ 550 മെഗാവാട്ട് കരാര്‍ കമ്മിഷന്‍ തടഞ്ഞിരിക്കുകയാണ്. കായംകുളം താപനിലയം, ബിഎസ്‌ഇഎസ് എന്നിവിടങ്ങളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനവും ബ്രഹ്മപുരത്തുനിന്നുള്ള 42 മെഗാവാട്ട് ഉല്‍പാദനവും കമ്മിഷന്‍ തടഞ്ഞു.
കാസര്‍കോടു നിലയവും ബോര്‍ഡും തര്‍ക്കത്തിലുമാണ്. വൈദ്യുതി വാങ്ങുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താലാണ് റഗുലേറ്ററി കമ്മിഷന്റെ നടപടി. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുറത്തുനിന്നു ഹ്രസ്വകാല കരാറില്‍ വൈദ്യുതി വാങ്ങുകയാണ് ഏക പോംവഴി. ഇതു ബോര്‍ഡിനു ഭീമമായ നഷ്ടവും ഉത്തരേന്ത്യയിലെ ചെറുകിട ഉല്‍പാദകര്‍ക്കു വന്‍ ലാഭവുമാണ്.
ഈ വര്‍ഷം വൈദ്യുതിയുടെ കുറവ് 10.6%
സംസ്ഥാനത്തു നിലവില്‍ 116.7 ലക്ഷം വൈദ്യുതി ഉപയോക്താക്കളുണ്ട്. പ്രതിവര്‍ഷം 7.4% വര്‍ധനയുമുണ്ട്. 2016-17ല്‍ 10.6% വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്നാണു കഴിഞ്ഞ ഇലക്‌ട്രിക് പവര്‍ സര്‍വേയിലെ കണക്ക്. ഈ സ്ഥിതി തുടര്‍ന്നാല്‍ 2026-27ല്‍ 29.7% വൈദ്യുതിക്ഷാമം ഉണ്ടാകുമെന്നാണു സര്‍വേ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്.
No comments:
Post a Comment