ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനും തട്ടിപ്പ് സ്ഥാപനമോ? മൈക്രോ ഇന്‍ഷ്വറന്‍സില്‍ നിക്ഷേപിച്ച കോടികള്‍ കാണാനില്ല; നാട്ടുകാരെ ചേര്‍ത്ത എന്‍ജിഒകള്‍ വെട്ടിലായി; കൈമലര്‍ത്തി എല്‍ഐസി
പത്തനംതിട്ട: നമ്മുടെ സ്വന്തം പൊതുമേഖലാസ്ഥാപനമായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനും തട്ടിപ്പിന്റെ വഴിയേ നീങ്ങുകയാണോ? മൈക്രോ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിക്ഷേപിച്ച കോടികള്‍ കാണാനില്ലെന്നു പറഞ്ഞ് എല്‍ഐസി അധികൃതര്‍ കൈമലര്‍ത്തുന്നു.
തുക കൃത്യമായി അടച്ചതിന്റെ രസീത് തങ്ങളുടെ കൈവശമുണ്ടെന്നു നാട്ടുകാരെ ചേര്‍ത്ത എന്‍ജിഒകള്‍ പറയുന്നു. പക്ഷേ, ഒരാളുടെ അക്കൗണ്ടിലും തുക വരവ് വച്ചിട്ടില്ല. ഇവിടെ തട്ടിപ്പ് നടത്തിയത് ആരെന്നതാണ് ചോദ്യം.
നാട്ടുകാരില്‍നിന്ന് പിരിച്ചെടുത്ത തവണകള്‍ തങ്ങള്‍ കൃത്യമായി എല്‍ഐസിയില്‍ അടച്ചിട്ടുണ്ടെന്ന് എന്‍ജിഓകള്‍ പറയുന്നു. അതിനുള്ള രസീതും കൃത്യമായി നല്‍കി. പക്ഷേ, പോളിസി എടുത്തവരുടെ അക്കൗണ്ടില്‍എത്തിയിട്ടില്ലെന്ന് മാത്രം.
ഒന്നും രണ്ടുമല്ല പത്തോളം എന്‍ജിഓകളാണ് വെട്ടിലായിരിക്കുന്നത്. ഒന്നോ രണ്ടോ മാത്രമായിരുന്നെങ്കില്‍ അവര്‍ തട്ടിപ്പു നടത്തിയതാണ് എന്ന് പറയാമായിരുന്നു. ഇതിപ്പോള്‍ എല്‍ഐസിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അടച്ച പണം വരവ് വച്ചില്ലെന്ന കാര്യം യഥാസമയം എല്‍ഐസിയെ അറിയിച്ചിരുന്നു. പക്ഷേ, പ്രയോജനം ഒന്നും ഉണ്ടായില്ല. 2012 നു ശേഷം പണം അടച്ചിട്ടില്ലെന്നുകാട്ടി എല്‍ഐസിയില്‍ നിന്നും പോളിസി ഉടമകള്‍ക്ക് നോട്ടീസ് ചെന്നതോടെയാണ് എന്‍ജിഒകള്‍ പ്രതിക്കൂട്ടിലായത്. ഇവര്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു കാത്തിരിക്കുന്നു.
അടൂരിലെ ദീപം ചാരിറ്റബിള്‍ സൊസൈറ്റി, വിവേകാനന്ദ യുവശക്തി ചാരിറ്റബിള്‍ സൊസൈറ്റി, സ്കൈ ഇന്ത്യാ ചാരിറ്റബിള്‍ സൊസൈറ്റി, തൃശൂര്‍ കമ്ബ്യൂട്ടര്‍ സൊസൈറ്റി, തിരുവനന്തപുരം മിത്രം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി, പാലാ സന്ധ്യ ഡെവലപ്മെന്റ് സൊസൈറ്റി, ഒലീനാ മഹിളാ സമാജം, കരുവാറ്റ അഗ്രി ഹോള്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി എന്നിവയാണ് പ്രതിക്കൂട്ടിലായിരിക്കുന്ന ചില എന്‍ജിഓകള്‍. ഇതു കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പത്തിലധികം എന്‍ജിഒകള്‍ക്കും സമാനഅനുഭവം ഉണ്ടായിട്ടുണ്ട്. ഇവര്‍ ഹൈക്കോടതിയില്‍ എല്‍.ഐ.സിക്കെതിരെ കേസും നല്‍കിയിട്ടുണ്ട്. എല്‍ഐസിയുടെ ഇതര പോളിസികളില്‍ നിന്നും വ്യത്യസ്തമായി മൈക്രോ ഇന്‍ഷ്വറന്‍സിലേക്ക് പോളിസി എടുപ്പിക്കുന്നതിനുള്ള ചുമതല എന്‍ജിഓകള്‍ക്കാണ്.
ഓരോ ഡിവിഷന് കീഴിലും ഇത്തരത്തിലുള്ള നിരവധി എന്‍ജിഓകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 20 രൂപ മുതല്‍ 500 രൂപ വരെയുള്ള ചെറിയ പോളിസികളാണ് മൈക്രോ ഇന്‍ഷ്വറന്‍സിനുള്ളത്. പോളിസി ഉടമകളില്‍ നിന്നും പിരിച്ചെടുക്കുന്ന പണം ഒരു വലിയ തുകയാക്കി എന്‍ജിഓകള്‍ അതാത് എല്‍ഐസി ഓഫീസുകളില്‍ അടച്ച് രസീത് കൈപ്പറ്റും. തുടര്‍ന്ന് ഈ പണം ഏതൊക്കെ പോളിസികളില്‍ വരവ് ചെയ്യണമെന്ന് കാട്ടി എല്‍ഐസിയുടെ തന്നെ സോഫ്റ്റ്വെയറായ 'മിയാസ്' എന്ന പ്രോഗ്രാമിലേക്ക് എന്റര്‍ ചെയ്യുകയും ആ ഫയല്‍ എല്‍ഐസിക്ക് കൈമാറുകയും ചെയ്യും. ഈ ഫയലിന്റെ അടിസ്ഥാനത്തില്‍, നേരത്തെ എന്‍ജിഓകള്‍ അടച്ച പണം അതത് പോളിസി ഉടമകളുടെ അക്കൗണ്ടിലേക്ക് വരവുചെയ്യേണ്ടത് ഡിവിഷനുകളിലെ ബന്ധപ്പെട്ട അധികൃതരാണ്. എന്നാല്‍ ആ നടപടികള്‍ കൃത്യമായി നടക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് കരുതുന്നു.
അടൂരിലുള്ള ദീപം ചാരിറ്റബിള്‍ സൊസൈറ്റി 1.64 കോടിയിലധികം രൂപയാണ് എല്‍ഐസിയില്‍ അടച്ചിട്ടുള്ളത്. 1.08 കോടി രൂപ മാത്രമേ വിവിധ പോളിസികളില്‍ വരവു ചെയ്തിട്ടുള്ളൂ. ബാക്കി വരുന്ന 56 ലക്ഷം രൂപ എവിടെപോയി എന്നറിയില്ല. ഇക്കാര്യം കഴിഞ്ഞ മൂന്നുവര്‍ഷമായി അധികൃതരെ ധരിപ്പിച്ചിട്ടും നടപടിയായിട്ടില്ല. പല തവണ തങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ എല്‍ഐസി തയാറായില്ലെന്ന് ദീപത്തിന്റെ നടത്തിപ്പുകാരന്‍ പ്രകാശ് പറയുന്നു. ദീപം കൊടുത്ത ചില ഡിഡികള്‍ മാറിയിട്ടില്ലെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷം മെയ് 21ന് എല്‍ഐസിയില്‍ നിന്നും അറിയിപ്പു വന്നിരുന്നു. എന്നാല്‍ ഈ ഡിഡികള്‍ എല്‍ഐസിതന്നെ മാറിയിട്ടുണ്ടെന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് അടൂര്‍ ബ്രാഞ്ചിലെ അധികൃതര്‍ പറയുന്നത്. വിവരാവകാശ നിയമപ്രകാരം എല്‍ഐസിയുടെ കോട്ടയം ഡിവിഷനില്‍ നിന്നും ലഭിച്ച അക്കൗണ്ട് സ്റ്റേറ്റ്മെന്റില്‍ ദീപം ചാരിറ്റബിള്‍ സൊസൈറ്റി 2010-15 കാലഘട്ടത്തില്‍ 1.22 കോടി അടച്ചിട്ടുള്ളതായി പറയുന്നുണ്ട്.
നേരത്തെ 1.08 കോടി രൂപ മാത്രമേ വിവിധ പോളിസികളില്‍ വരവുചെയ്തിട്ടുള്ളൂ എന്ന് പറയുന്ന എല്‍ഐസി വിവരാവകാശ നിയമപ്രകാരം നല്‍കിയ തികച്ചും വിചിത്രമായ ഈ കണക്ക് ഏറെ ദുരൂഹതകള്‍ക്ക് ഇടവരുത്തുന്നെന്നും പ്രകാശ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ തികച്ചും വിചിത്രമായ സംഭവങ്ങളാണ് വിവിധ എന്‍ജിഒ അധികൃതര്‍ക്ക് സാക്ഷ്യപ്പെടുത്താനുള്ളത്. വിവിധ ഇന്‍ഷ്വറന്‍സ് കമ്ബനികളുടെ ഏജന്റുമാര്‍, മഹിളാ പ്രധാന്‍ ഏജന്റുമാര്‍ എന്നിവര്‍ക്കിടയില്‍ വന്‍ തട്ടിപ്പുകള്‍ നടന്നുവരുന്ന സാഹചര്യത്തില്‍ തങ്ങളും ഇപ്പോള്‍ അത്തരക്കാരുടെ ഗണത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും ഇക്കാര്യം പോളിസി ഉടമകളെ ധരിപ്പിച്ചിട്ടും അവര്‍ അത് മനസിലാക്കുന്നില്ലെന്നും വിവിധ എന്‍ജിഓകള്‍ വ്യക്തമാക്കി. ഇനി എന്തു ചെയ്യണമെന്ന് ഇവര്‍ക്ക് അറിയില്ല. ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അഥോറിട്ടിക്ക് പരാതി നല്‍കാനാണ് ഇവരുടെ നീക്കം.
No comments:
Post a Comment