Wednesday, 7 September 2016

ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്‍സിക്ക് വിടാന്‍ ബില്‍



തിരുവനന്തപുരം • ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്‍സിക്കു വിടാന്‍ ബില്‍ കൊണ്ടുവരും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഈ മാസം 26 മുതല്‍ നിയമസഭാ സമ്മേളനം ചേരുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യുന്നതിനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. എയിഡഡ് സ്കൂള്‍, കോളജ് നിയമനങ്ങളില്‍ വികലാംഗര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനും തീരുമാനമായി.

പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടന്‍ തന്നെ ദേവസ്വം റിക്രൂട്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പിഎസ്‍സിക്കു വിടുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‍സിക്കു കൈമാറാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതാണ്.

എന്നാല്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അതിനു പകരം റിക്രൂട്മെന്റ് ബോര്‍ഡ് രൂപീകരിക്കുകയായിരുന്നു.

മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍:

• പെന്‍ഷന്‍കാരായ അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ പ്രത്യേക ധനസഹായം
• ആരോഗ്യവകുപ്പില്‍ 31.05.2016ന് വിരമിക്കേണ്ടിയിരുന്ന ഡോക്ടര്‍മാരുടെ സേവനകാലം ആറുമാസംകൂടി ദീര്‍ഘിപ്പിച്ച നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു. വിരമിക്കല്‍ തീയതിക്കുശേഷമുള്ള കാലയളവ് യാതൊരുവിധ സേവനാനുകൂല്യങ്ങള്‍ക്കും കണക്കാക്കുന്നതല്ല.
• 2016 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ വിരമിക്കേണ്ട ഡോക്ടര്‍മാരുടെ സേവനകാലാവധി 2016 നവംബര്‍ 30 വരെ നീട്ടി
• കെഎസ്‌എഫ്‌ഇ ജീവനക്കാര്‍ക്ക് 01.08.2012 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്ബള പരിഷ്ക്കരണം അനുവദിക്കും
• 2012-13 അധ്യയനവര്‍ഷം പ്രവര്‍ത്തനമാരംഭിച്ച 12 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ അധിക ബാച്ചുകളിലേയ്ക്കു തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. 56 എച്ച്‌എസ്‌എസ്ടി തസ്തികകളും രണ്ടു ലാബ് അസിസ്റ്റന്‍റ് തസ്തികകളുമാണ് പുതുതായി സൃഷ്ടിക്കുന്നത്.

No comments:

Post a Comment