Tuesday, 6 September 2016

പാക്കിസ്ഥാനെ പരാജയപ്പെടുത്താൻ ആർക്കും സാധിക്കില്ല: പാക്ക് സൈനിക മേധാവി


ഇസ്‌ലാമാബാദ്∙ ജമ്മു കശ്മീർ പാക്കിസ്ഥാന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണെന്നു പാക്ക് സൈനിക മേധാവി ജനറൽ റാഹീൽ ഷെരീഫ്. കശ്മീർ താഴ്‌വരയിലെ ജനത്തിനു നയതന്ത്രപരമായും ധാർമികമായുമുള്ള പിന്തുണ തുടരും. സ്വാതന്ത്ര്യത്തിനായുള്ള കശ്മീർ ജനതയുടെ ത്യാഗത്തിനു മുന്നിൽ പാക്കിസ്ഥാൻ സല്യൂട്ട് ചെയ്യുന്നു. യുഎൻ പ്രമേയം നടപ്പാക്കുകയാണു കശ്മീർ പ്രശ്നത്തിനുള്ള ഏക പരിഹാരമാർഗമെന്നും സൈനിക മേധാവി പറഞ്ഞു. പാക്ക് പ്രതിരോധ ദിനത്തിൽ റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാട്ടേഴ്സിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാന്റെ പ്രതിരോധസേന വളരെ ശക്തമാണ്. ഇപ്പോൾ പാക്കിസ്ഥാനെ പരാജയപ്പെടുത്താൻ ആർക്കും സാധിക്കില്ല. ശത്രുക്കൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന എല്ലാ ഗൂഢാലോചനകളും ‍ഞങ്ങൾക്ക് അറിയാം. സൈനിക തലത്തിലും നയതന്ത്ര തലത്തിലും, അതിർത്തിയിലും നഗരത്തിനുള്ളിലും, ഞങ്ങളുടെ സുഹൃത്തുക്കളും ശത്രുക്കളും ആരാണെന്ന് അറിയാമെന്നും ഷെരീഫ് പറഞ്ഞു.

പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെ മാതൃകയാണ് ചൈനയുമായുള്ള ബന്ധം. പുറത്തുള്ള ഒരു ശക്തിക്കും ഇതു തകർക്കാൻ കഴിയില്ല. അത്തരത്തിലുള്ള ഒരു ശ്രമങ്ങളും വച്ചുപൊറുപ്പിക്കില്ലെന്നും ഷെരീഫ് വ്യക്തമാക്കി.

No comments:

Post a Comment