Thursday, 8 September 2016

ആരാണ് ഈ ദുഷ്ടന് വേണ്ടി വാദിക്കുന്നത്? സര്‍ക്കാര്‍ വക്കീല്‍ ഒത്തുകളിച്ചോ എന്ന് സംശയം? കേസില്‍ സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചു; ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചതറിഞ്ഞ് വിങ്ങിപ്പൊട്ടി സൗമ്യയുടെ അമ്മ



കൊച്ചി: കേരള മനസാക്ഷിയെ നൊമ്ബരപ്പെടുത്തിയ സംഭവമായിരുന്നു സൗമ്യ വധക്കേസ്. കേസിലെ കൊലയാളിയെന്ന് പൊലീസ് കണ്ടെത്തിയ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും ഇതുവരെ അത് നടപ്പാക്കിയിട്ടില്ല. ഇന്ന് സുപ്രീം കോടതി ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയെന്നതിന് തെളിവ് എവിടെയെന്ന് ചോദിച്ചപ്പോള്‍ തകര്‍ന്നു പോയത് ഒരു മാതൃഹൃദയമാണ്. മകളെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയതിന് നിരവധി തെളിവുകള്‍ ഉണ്ടായിട്ടും പ്രോസിക്യൂഷനായി ഹാജരായ അഭിഭാഷകന്‍ മൗനം പാലിക്കുകയായിരുന്നെന്ന് സൗമ്യയുടെ അമ്മ സുമതി ആരോപിച്ചു.

ഹൈക്കോടതിയില്‍ കേസ് വാദിച്ച അഭിഭാഷകനെ സുപ്രീംകോടതിയില്‍ നിയമിക്കാത്തതില്‍ വീഴ്ചയുണ്ട്. ആ അഭിഭാഷകനെ സര്‍ക്കാര്‍ മാറ്റിയിരുന്നു. കേസ് വേണ്ടത്ര പഠിക്കാതെയാണ് സുപ്രീംകോടതിയില്‍ സര്‍ക്കാരിനായി പുതിയ അഭിഭാഷകന്‍ ഹാജരായത്. പ്രോസിക്യൂഷന്‍ ഒത്തുകളിച്ചോ എന്ന് സംശയമുണ്ട്. സുപ്രീംകോടതി വരെ കേസ് എത്തിയിട്ടും നീതി കിട്ടാത്തതില്‍ ദുഃഖമുണ്ടെന്നും സുമതി പറഞ്ഞു.

ആരാണ് ഈ ദുഷ്ടനു വേണ്ടി വാദിക്കുന്നതെന്നു സുമതി പൊട്ടിക്കരഞ്ഞു കൊണ്ടു ചോദിച്ചു. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും തെളിവുകളാണ് വേണ്ടതെന്നും കോടതി പറഞ്ഞെന്ന് അറിഞ്ഞ് പ്രതികരിക്കുന്നതിനിടെ സുമതി വിങ്ങിപ്പൊട്ടുകയും ചെയ്തു. വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റിവച്ചു.

സൗമ്യ പീഡനത്തിനിരയായെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. മറ്റുകാര്യങ്ങളില്‍ മറുപടി വേണമെന്നു കോടതി വ്യക്തമാക്കി. കോടതിക്കുമുന്നില്‍ ഊഹാപോഹങ്ങള്‍ പറയരുതെന്നും സുപ്രീംകോടതി ജഡ്ജി പറഞ്ഞു. വധശിക്ഷയ്ക്കെതിരായ ഗോവിന്ദച്ചാമിയുടെ അപ്പീല്‍ പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

അതേസമയം കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയുണ്ടായെന്ന് കെപിസിസി പ്രസിഡണ്ട് വി എം സുധീരന്‍ ആരോപിച്ചു. ഹൈക്കോടതിയില്‍ വാദിച്ച അഭിഭാഷകനെ സുപ്രീംകോടതിയില്‍ വാദിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം. പ്രോസിക്യൂഷന്‍ അഭിഭാഷകനെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment